mammootty

നടന്മാരായ ടൊവിനോയും ബേസിലും എയറിലായ വിഡിയോകള്‍ക്കു പിന്നാലെയിതാ കൈ കൊടുത്ത് ചമ്മിയ കൂട്ടത്തിലേക്ക് മമ്മൂക്കയും എത്തിയിരിക്കുന്നു. ഓടിവന്ന് തന്‍റെ നേരെ കൈനീട്ടി നില്‍ക്കുന്ന മമ്മൂക്കയെ മൈന്‍റാക്കാതെ തൊട്ടടുത്ത് നിന്നയാള്‍ക്ക് കൈ കൊടുത്ത കുട്ടിക്കുറുമ്പി ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്.

ഒരു കുറുമ്പി നടന്നു വരുന്നതും മമ്മൂട്ടി കൈ കൊടുക്കുമ്പോള്‍ തൊട്ടടുത്ത് നിന്നിരുന്ന ഇക്കോവാസ് ഇന്ത്യന്‍ ട്രേഡ് കമ്മിഷണറും പ്രമുഖ മലയാളി വ്യവസായിയുമായ സി.പി സാലിഹിന് കൈ കൊടുക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഈ സമയം നീട്ടിയ കയ്യുമായി മമ്മൂട്ടി അങ്ങനെ തന്നെ നില്‍ക്കുകയാണ്. എല്ലാവരും ചിരി തുടങ്ങിയതോടെ കുറുമ്പി മമ്മൂക്കയ്ക്കും കൈകൊടുക്കുന്നുണ്ട്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്‍റോ ജോസഫ് തുടങ്ങിയവരെല്ലാം വിഡിയോയിലുണ്ട്.

'ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്. അവരുടെ യൂണിവേഴ്സിൽ മമ്മൂക്കയും' എന്ന തലക്കെട്ടോടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. ‘മരണമാസ്’ എന്ന സിനിമയുടെ പൂജക്കിടെ പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. അത് കണ്ട ബേസിൽ ടൊവിനോയെ നോക്കി പൊട്ടിച്ചിരിക്കുന്നതില്‍ തുടങ്ങിയതാണിത്. പല അഭിമുഖങ്ങളിലും ഇത് പറഞ്ഞ് ബേസില്‍ ടൊവിനോയെ കളിയാക്കിയിരുന്നു. പിന്നാലെ ബേസിലിന്‍റെ പറ്റിയ അമളി വന്‍ ട്രോളായി.

കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ താരം പൃഥ്വിരാജിന് കൈ കൊടുക്കുകയായിരുന്നു. ഈ വീഡിയോ എത്തിയതോടെ ഇതാണ് കര്‍മഫലം എന്നു പറഞ്ഞ് ബേസിലിന് ട്രോള്‍ മഴയായിരുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ സുരാജ് വെഞ്ഞാറമൂടിനും പറ്റി ഇതുപോലൊരു അബന്ധം. സുരാജിന്‍റെ പുതിയ ചിത്രമായ 'ഇഡി'യുടെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം. പരിപാടി നടക്കുന്ന വേദിയിലേക്ക് നടി ഗ്രേസ് ആന്‍റണി നടന്നു വരുമ്പോൾ സുരാജ് വെഞ്ഞാറമൂട് കൈ കൊടുക്കാൻ പോയി. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഗ്രേസ് മുന്നോട്ട് നടന്നു. തൊട്ടുപിന്നാലെ സുരാജ് കൈയിൽ തട്ടുമ്പോൾ ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ എന്തായാലും ട്രോളായി മാറി.

ENGLISH SUMMARY:

Baby girl turns her hands to someone else while Mammootty standing. Video goes viral on social media.