നയൻതാരയോടൊപ്പം ചിലവിട്ട മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍മീഡിയ താരം പേര്‍ളി മാണി. ഇന്‍സ്റ്റാഗ്രാമിലാണ് താരത്തിനൊപ്പമുള്ള ചിത്രം പേര്‍ളി പങ്കുവച്ചത്. മക്കളായ നില, നിതാര എന്നിവയെ ഒക്കത്തെടുത്ത് നിൽക്കുന്ന നയൻതാരയാണ് ചിത്രത്തിലുള്ളത്.
ഞാന്‍ ഏറെ ആരാധിക്കുന്ന ഒരു വ്യക്തി തന്റെ മക്കളെ ഒക്കത്ത് എടുത്തുനിൽക്കുന്നത് കാണുമ്പോൾ സ്വപ്നം പോലെയാണ് തോന്നുന്നത്. വളരെ കരുതലോടെയും വാത്സല്യത്തോടെയും എന്റെ കുഞ്ഞുങ്ങളോടൊപ്പം നയൻതാര സമയം ചെലവഴിച്ച കാഴ്ച എന്നെന്നും ഞാൻ ഓർമയിൽ സൂക്ഷിക്കും. ഒരു യഥാർത്ഥ രാജകുമാരിയും ശക്തിയുടെ അടയാളവുമാണ് നിങ്ങൾ. നിങ്ങളുടെ അമ്പരിപ്പിക്കുന്ന വ്യക്തിത്വത്തിലൂടെ ഈ നിമിഷം ഞങ്ങൾക്ക് ഏറെ സ്പെഷ്യലായി മാറി.
ആരാധകരുടെ മനസ്സിൽ യഥാർഥ രാജ്ഞിയായ ശക്തിയുടെ പര്യായമായ നയൻതാര അതേസമയം തന്നെ എല്ലാവരോടും ഏറെ സ്നേഹത്തോടും കരുതലോടും പെരുമാറുന്ന ഊഷ്മളമായ സ്നേഹത്തിന്റെ ഉറവിടമാണ്. അവർ എല്ലാവർക്കും ശരിക്കും പ്രചോദനം തന്നെയാണ്. ഈ സുന്ദരമായ ആത്മാവിനും പോകുന്നിടത്തെല്ലാം അവർ പകരുന്ന സ്നേഹത്തിനും നന്ദി. നിങ്ങളുടെ അതിശയകരമായ വ്യക്തിത്വത്തിനും ഞങ്ങൾക്കായി ചെലവഴിച്ച നിമിഷങ്ങൾക്കും നന്ദി എന്ന അടിക്കുറിപ്പോടെയാണ് പേര്‍ളി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പേർളി മാണി ഷോയിലെത്തിയതാണ് നയന്‍താര എന്നാണ് വിവരം. ലേഡി സൂപ്പർ സ്റ്റാറിന്റെ അടിപൊളി അഭിമുഖം പ്രതീക്ഷിക്കുന്നുവെന്നും ആരാധകർ പറയുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. നിരവധിയാളുകളാണ് പോസ്റ്റിന് കമന്‍റുമായെത്തുന്നത്.