മലയാളസിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബറോസ്. ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രിയതാരം മോഹന്‍ലാലിന്‍റെ ആദ്യസംവിധാന സംരംഭത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍ ആരാധകര്‍. ചിത്രം മലയാളസിനിമയില്‍ ഇതുവരെ കാണാത്ത ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായം. സംവിധാനത്തിനൊപ്പം മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുവെന്നതും ചിത്രം ത്രീഡിയാണെന്നതുമായിരുന്നു ബറോസിന്‍റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
ലിജോ ജോസിന്‍റെ വാക്കുകള്‍ ഇങ്ങനെ:
'മലയാളത്തില്‍ മുന്‍പൊന്നും ഇല്ലാത്ത ഒരു സിനിമ എക്സ്പീരിയന്‍സ് ബറോസ് തരുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്‍റെ ടെക്നിക്കല്‍ സൈഡ് എല്ലാം തന്നെ വളരെ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. സിനിമയിലെ ത്രീഡി എഫക്ട് വളരെ നന്നായി അനുഭവപ്പെടുന്നുണ്ട്. എനിക്ക് തോന്നുന്നു ഫാന്‍റസി എലമെന്‍റ് ഉള്ള ഒരു ബ്രോഡ്‍വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം ചിത്രം തരുന്നുണ്ട്. മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികള്‍ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്. കാരണം ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ്. തീര്‍ച്ചയായും കാണുക. ലാലേട്ടന് എല്ലാവിധ ആശംസകളും' എന്നായിരുന്നു ലിജോ ജോസിന്‍റെ പ്രതികരണം.
ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോയാണ് ബറോസിന്‍റെ എതിരാളി. മാര്‍ക്കോ പുറഞ്ഞിറങ്ങി അഞ്ച് ദിവസങ്ങള്‍ക്കകം 50 കോടി ക്ലബില്‍ ഇടംപിടിച്ചുകഴിഞ്ഞു. എന്നിരുന്നാലും നാളുകളായി കാത്തിരുന്ന ബറോസ് പുറത്തിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ബറോസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.