സംഘടനാ തലത്തിൽ സമഗ്ര അഴിച്ചു പണിക്കൊരുങ്ങി കോൺഗ്രസ്. ബെളഗാവിയിൽ നടക്കുന്ന വിശാല പ്രവർത്തക സമിതി യോഗത്തിലാണ് സംഘടനാ അഴിച്ചു പണിയെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നത്. ഹിന്ദി ബെൽറ്റിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഊന്നൽ നൽകി ഈ മേഖലയിൽ നിന്നുള്ള കൂടുതൽ നേതാക്കൻമാരെ ജനറൽ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരാനാണ് ചർച്ചകൾ.
ദില്ലി തെരഞ്ഞെടുപ്പ് ചുമതല മുതിർന്ന നേതാക്കൻമാർക്ക് മേഖല തിരിച്ചു നൽകും. ഇതിനായി തിരഞ്ഞെടുപ്പ് വാർ റൂം സ്ഥിരം സംവിധാനമാക്കാനും തീരുമാനമായി. വരാനിരിക്കുന്ന നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് കേരളത്തിൽ കർണാടക മോഡലിൽ വാർ റൂം സജ്ജീകരണങ്ങളോടെ പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനം.
മഹാത്മാഗാന്ധി പാര്‍ട്ടി പ്രസിഡന്റായ സമ്മേളനത്തിന്‍റെ ശതാബ്ദി കണക്കിലെടുത്താണ് നിർണായക യോഗം ബെളഗാവിയിൽ നടത്തുന്നത്. അധ്യക്ഷൻ മല്ലികാർജുന ഖർഗയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർ കാൽനടയായി 1924ൽ ഗാന്ധിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന കോൺഗ്രസ് വെൽ പാർക്കിലേക്കെത്തി. തുടർന്ന് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ യോഗത്തിന് തുടക്കമായി.
അതേസമയം, ആരോഗ്യ കാരണങ്ങളാൽ മുൻ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തിന് എത്തിയില്ല. രാജ്യം ഭരിക്കുന്നവരിൽ നിന്നും അവരുടെ സ്ഥാപനങ്ങളിൽ നിന്നും ഗാന്ധിയുടെ ആശയങ്ങൾ ഭീഷണി നേരിടുകയാണന്നും ഇത്തരം ശക്തികളെ നേരിടാനുള്ള ഊർജം യോഗത്തിലൂടെ ലഭിക്കുമെന്ന സോണിയാ ഗാന്ധിയുടെ സന്ദേശം യോഗത്തിൽ വായിച്ചു.