annamalai-protest-1-

അണ്ണാ സർവകലാശാല ക്യാംപസിൽ 19 വയസ്സുകാരിയായ എൻജിനീയറിങ് വിദ്യാർഥിനി ലൈംഗിക അതിക്രമത്തിനിരയായതില്‍ സംസ്‌ഥാനത്ത് രാഷ്ട്രീയ പോര് കനക്കുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ അങ്കത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നു താഴെയിറങ്ങുന്നതുവരെ പാദരക്ഷകൾ ഉപയോഗിക്കില്ലെന്നാണ് അണ്ണാമലൈയുടെ പ്രഖ്യാപനം. കൂടാതെ വിദ്യാര്‍ത്ഥിനിക്ക് നേരിട്ട കൊടിയ ക്രൂരതയില്‍ പ്രതിഷേധിച്ച്  അണ്ണാമലൈ സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാറുകൊണ്ട് അടിക്കുകയും ചെയ്തു. 

പ്രതിഷേധാത്മകമായി 48 ദിവസത്തെ വ്രതത്തിനും അണ്ണാമലൈ തുടക്കം കുറിച്ചു. വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും. അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം. ഇരയുടെ പേരും വിവരങ്ങളും അടക്കമുള്ള എഫ്ഐആർ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടതിനെ അണ്ണാമലൈ കടുത്ത ഭാഷയിൽ വിമർശിച്ചു. എഫ്ഐആർ പുറത്തുവിട്ടതു വഴി പെൺകുട്ടിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായും ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് എഫ്ഐആർ തയാറാക്കിയതെന്നും അണ്ണാമലൈ ആരോപിച്ചു. 

കേസിൽ 37 കാരനായ ജ്ഞാനശേഖരൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഡിഎംകെ പ്രവർത്തകനാണെന്ന പ്രതിപക്ഷ ആരോപണം ഡിഎംകെ തള്ളി. അതേസമയം അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോടുളള ആദര സൂചകമായി സംസ്ഥാനത്തു ബിജെപിയുടെ ഇന്നത്തെ മറ്റ് പ്രതിഷേധ പരിപാടികൾ റദ്ദക്കി. ചെന്നൈ അണ്ണാ സർവകലാശാല ക്യാംപസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം പള്ളിയില്‍ പാതിരാ കുര്‍ബാന കൂടിയതിനു ശേഷം മടങ്ങിവരുകയായിരുന്ന വിദ്യാര്‍ഥിനിയാണ് ബലാല്‍സംഗത്തിനിരയായത്. രണ്ടുപേര്‍ ചേര്‍ന്ന് സുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം വിദ്യാര്‍ഥിനിയെ ക്രൂര ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

ENGLISH SUMMARY:

Anna University rape case: BJP’s Annamalai to whip himself 6 times, stay barefoot until DMK govt is ousted