പ്രഖ്യാപനം മുതല്‍ സുരേഷ് ഗോപി ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. നീണ്ടുനിന്ന പ്രതിസന്ധികള്‍ക്കൊടുവില്‍, പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ ‘ഒറ്റക്കൊമ്പ’ന്‍റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ മാത്യൂസ് തോമസ് ആണ്.
ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം കൊളുത്തി. സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ.അമ്പാടി ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരാണ് ആദ്യരംഗത്തില്‍ അഭിനയിച്ചത്.
കേന്ദ്ര മന്ത്രിയായ ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രമാണ് ഒറ്റക്കൊമ്പൻ. വലിയ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.