ഞായറാഴ്ച ഭാര്യയുമൊത്ത് വൈക്കത്തെ വീട്ടിൽ അവധി ആഘോഷിക്കുന്ന വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് നടൻ ബാല. വൈക്കത്ത് ബോട്ട് റേസിൽ തങ്ങളുടെ ബോട്ട് മത്സരിക്കുകയാണെന്നും, ഇത്തവണ ഒന്നാമതെത്തുമെന്നും ബാല പറയുന്നു. കോകില ഭക്ഷണം പാകം ചെയ്യുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചു.
വളർത്തു നായക്കൊപ്പം നടക്കാൻ പോയും, ക്രിക്കറ്റ് കളിച്ചുമെല്ലാമാണ് ബാല തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഞായറാഴ്ചകള്‍ ആഘോഷമാക്കുന്നത്. കൊച്ചിയിലെ വീടുപേക്ഷിച്ച് വൈക്കത്തെ പുതിയ വീട്ടിലേക്ക് ബാലയും കോകിലയും താമസം മാറ്റിയിരുന്നു. വൈക്കത്ത് അങ്കണവാടി പുനരുദ്ധരിച്ചും താരം വാര്‍ത്തയില്‍ ഇടംപിടിച്ചു.
കൊച്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്‍റെ അവസ്ഥ ശോചനീയമായിരുന്നെന്നും അങ്കണവാടി അധികാരികൾ തന്നെ സമീപിച്ചപ്പോള്‍ പണിതുനല്‍കാം എന്ന് വാക്കുപറഞ്ഞിരുന്നതായും ബാല പറയുന്നു. കുട്ടികളെ ആകർഷിക്കുന്ന തരത്തില്‍ അങ്കണവാടി മനോഹരമാക്കി മാറ്റിയിട്ടുണ്ട്. ഇതിനു പിന്നിൽ ഭാര്യ കോകിലയുടെ സാന്നിധ്യം ഉണ്ടെന്നും ബാല വ്യക്തമാക്കി.
കോകിലയ്ക്കൊപ്പമുള്ള തന്‍റെ ആദ്യ പിറന്നാൾ ആഘോഷവും ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കോകില ജീവിതത്തിലേക്ക് വന്നശേഷമാണ് സന്തോഷം അനുഭവിച്ചതെന്ന് ബാല പറയുന്നു. പുതിയ വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും വിളിച്ച് വിപുലമായാണ് നടൻ ആഘോഷിച്ചത്. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയ പേജില്‍ പോസ്റ്റ് ചെയ്തു.