സിനിമ റിവ്യു രീതിയെ വിമർശിച്ച സംവിധായകൻ ചിദംബരത്തിനെതിരെ യൂട്യൂബർ സീക്രട്ട് ഏജന്‍റ് എന്ന സായ് കൃഷ്ണ. ചിദംബരത്തിന്‍റെ വാക്കുകൾ എനിക് ഫ്രീ പ്രമോഷൻ തന്നെന്നും 50 കോടി സിനിമ എടുത്ത അവസ്ഥയിലായെന്നും സായ് കൃഷ്ണ പറയുന്നു. പലതും പലരെയും സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണ്. അരിയുടെ കാര്യം എടുത്തെടുത്ത് പറയുന്നുണ്ട്. സിനിമ ഹിറ്റായ സമയത്ത് ചിദംബരത്തിന് കിട്ടിയത് ആട്ടിൻ കാട്ടമൊന്നുമല്ലല്ലോ എന്നും സായ് കൃഷ്ണ ചോദിക്കുന്നു.
'സിനിമക്കാർ ഒരു കാര്യം മനസിലാക്കണം. സിനിമ ബിസിനസാണ്, ഞാൻ യൂട്യൂബ് ചെയ്യുന്നതും ബിസിനസാണ്. പ്രതീക്ഷിക്കുന്നത് പൈസയാണ്, അരിയാണ്. ആട്ടിൻകാട്ടം തിന്നാൻ ആരും ബിസിനസ് നടത്തുന്നില്ല. അരിയും ഭക്ഷണവും കളിയാക്കേണ്ട കാര്യമല്ല. അരിയണ്ണനിൽ അഭിമാനമുണ്ട്' സായ് കൃഷ്ണ പറയുന്നു. ഓൺലൈൻ ചാനലായ ബി4ബ്ളെയ്സ് മലയാളത്തോടാണ് സായ് കൃഷ്ണ സംസാരിക്കുന്നത്.
'ഒരാൾ എന്നെ വിളിച്ച് തെറി പറഞ്ഞു, ആ തെറി വിറ്റ് അരിയാക്കിയെങ്കിൽ അത് എന്റെ കഴിവ്. അവർ സിനിമ ഉണ്ടാക്കുന്നത് വിൽക്കാനാണ്. ഞാൻ എന്‍റെ കണ്ടന്‍റ് വിൽക്കും അരിയാക്കും' എന്നാണ് സായ് കൃഷ്ണ പറയുന്നത്.
Also Read: 'അരി വാങ്ങാൻ വേണ്ടി റിവ്യൂ'; മലയാളത്തിലെ റിവ്യുവിനെ ട്രോളി സംവിധായകൻ ചിദംബരം
മലയാളത്തിലെ റിവ്യു സംസ്കാരത്തെ പറ്റി തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് ചിദബരം ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്‍റുമായുള്ള വിഷയം പരാമർശിച്ചത്. ഇരുവരുടെയും പേര് പറയാതെയായിരുന്നു ചിദംബരത്തിന്‍റെ വാക്കുകൾ.
'മലയാളത്തിൽ ഒരു താരത്തെ റിവ്യൂവർ സ്ഥിരമായി ആക്രമിക്കുകയാണ്. താരം റിവ്യൂവറെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാൽ അരി വാങ്ങാന് പറ്റുമെന്നായിരുന്നു മറുപടി, എന്നാൽ ചെയ്തോ എന്ന് താരവും മറുപടി നൽകി', എന്നായിരുന്നു ചിദംബരം പറഞ്ഞത്.