ബിഗ് ബജറ്റ് സംവിധായകന്‍ ശങ്കറും ഗ്ലോബല്‍ സ്റ്റാര്‍ രാംചരണും ഒന്നിക്കുന്ന ഗെയിം ചേഞ്ചരിന്‍റെ ട്രെയിലര്‍ പുറത്ത്. പതിവ് പോലെ വലിയ താരനിരയും ഗംഭീര ഫ്രെയിമുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ടിപ്പിക്കല്‍ ശങ്കര്‍ സ്റ്റൈലിലാണ് ചിത്രം ഒരുങ്ങുന്നത്. പൊലീസ് ഓഫീസറായി രാം ചരണ്‍ എത്തുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രാംചരണ്‍ ഇരട്ട വേഷത്തില്‍ എത്തിയിരിക്കുന്ന ചിത്രത്തില്‍ കിയാര അഡ്വാനി, അഞ്ജലി എന്നിവരാണ് നായികമാരാവുന്നത്. ജയറാമും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ജനുവരി 10-നാണ് ഗെയിം ചേഞ്ചര്‍ റിലീസ് ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം റിലീസിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്.
എസ്. ജെ. സൂര്യ, സമുദ്രക്കനി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
കമല്‍ ഹാസനുമായി വീണ്ടും ഒന്നിച്ച ഇന്ത്യന്‍ 2 ആണ് ഒടുവില്‍ ശങ്കറിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്തത്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായിരുന്നു. ഇതിന്‍റെ ക്ഷീണം ഗെയിം ചേഞ്ചറില്‍ ശങ്കര്‍ തീര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.