കഴിഞ്ഞ കുറച്ച് നാളുകളായി റീലുകള്‍ അടക്കിഭരിച്ചിരുന്നത് ദേവരയിലെ ചുട്ടമല്ലെ എന്നുതുടങ്ങുന്ന ഗാനമായിരുന്നു. എന്നാലിനി ട്രെന്‍ഡ് മാറ്റിപ്പിടിക്കാന്‍ സമയമായെന്ന് വ്യക്തമാക്കുക്കയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മറ്റൊരു ഗാനം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചര്‍ എന്ന ചിത്രത്തിലെ 'നാ നാ ഹെയ്‍രാനാ' എന്ന ഗാനമാണ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. പാട്ട് കേട്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു ഇനി റീലുകള്‍ അടക്കിഭരിക്കാന്‍ പോകുന്നത് നാ നാ ഹെയ്‍രാനാ തന്നെയെന്ന്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് തമന്‍ എസ് ആണ്.
രാം ചരണും കിയാര അദ്വാനിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക്കല്‍ വേര്‍ഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശങ്കറിന്‍റെ സിഗ്നേച്ചര്‍ ശൈലിയിലുളള അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പാട്ടിന്‍റെ ആകര്‍ഷണം. ശ്രേയ ഘോഷാലും കാര്‍ത്തിക്കും ചേര്‍ന്നാണ് 'നാ നാ ഹെയ്‍രാനാ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. 11 മില്യണിലധികം പേരാണ് ഈ ഗാനത്തിന്റെ തെലുങ്കു പതിപ്പ് ഇതിനോടകം യുട്യൂബിൽ മാത്രം കണ്ടത്.
ദേവരയിലെ ചുട്ടമല്ലെ എന്ന ഗാനത്തെ കടത്തിവെട്ടുന്നതാണ് ഗെയിം ചെയ്ഞ്ചറിലെ ഗാനം എന്നാണ് ആരാധകപക്ഷം. തമനുവേണ്ടി പാടിയ പാട്ടുകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 'നാ നാ ഹെയ്‍രാനാ' എന്ന ഗാനമാണെന്ന് ശ്രേയ ഘോഷാലും പ്രതികരിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മെലഡി എന്ന ആമുഖത്തോടെയാണ് 'നാ നാ ഹെയ്‍രാനാ' എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കാർത്തിക് സുബ്ബരാജാണ് ഗെയിം ചെയ്ഞ്ചറിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ഗെയിം ചെയ്ഞ്ചർ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.