നടന്‍ ജഗതി ശ്രീകുമാറിന്‍റെ പിറന്നാള്‍ ദിനത്തില്‍ വേദനിപ്പിക്കുന്ന കുറിപ്പുമായി മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഫ്രണ്ട്സ് എന്ന സിനിമയിലെ ജഗതിയുടെ പ്രശസ്തമായ കോമഡി രംഗത്തിന്‍റെ റീല്‍സിനൊപ്പമാണ് ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
'2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാനറിഞ്ഞിരുന്നില്ല. എന്നാലിപ്പിപ്പോള്‍ ആ വേദനയുടെ കനം ഓരോദിവസവും ഞാനറിയുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി, കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ. ഐ മിസ് യൂ പപ്പ. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗമാണ് നിങ്ങളോടൊപ്പം. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ', ശ്രീലക്ഷ്മി കുറിച്ചു.
ജഗതി ശ്രീകുമാറിന്‍റെ 73–ാം പിറന്നാളാണ് കഴിഞ്ഞത്. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് ദീര്‍ഘനാളായി വിട്ടുനിൽക്കുകയാണ് ജഗതി. 2022-ൽ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ അല്‍പനേരത്തേക്കാണങ്കിലും വന്ന ജഗതിയുടെ കഥാപാത്രം പ്രേക്ഷകര്‍ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം വീണ്ടും സിനിമയിലേക്കെന്ന സൂചന നല്‍കി പുതിയ ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന 'വല' എന്ന ചിത്രത്തിലെ പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്.