വന്‍ പ്രതീക്ഷയുമായി എത്തിയ വരുൺ ധവാന്‍–കീർത്തി സുരേഷ് ചിത്രം ‘ബേബി ജോണ്‍' തിയറ്ററുകളില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ജവാന്‍ നേടിയ വിജയത്തിന് ശേഷം അറ്റ്ലി അവതരിപ്പിച്ച ചിത്രം വരുണ്‍ ധവാന്‍റെ കരിയര്‍ മാറ്റിമറിക്കുമെന്ന് വരെ പ്രതീക്ഷിച്ചവരുണ്ട്. വിജയ്യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റ് ചിത്രം തെരിയുടെ റീമേക്കാണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. കാലീസാണ് ചിത്രം സംവിധാനം ചെയ്തത്.
അമിതമായ ആത്മവിശ്വാസമായിരുന്നു റിലീസിന് മുന്നോടിയായി അറ്റ്ലി പ്രകടിപ്പിച്ചിരുന്നത്. അനിമല്‍ രണ്‍ബീര്‍ കപൂറിന് നല്‍കിയത് ബേബി ജോണ്‍ വരുണിന് നല്‍കുമെന്നാണ് അറ്റ്ലി ഒരു പൊതുവേദിയില്‍ തുറന്നടിച്ചത്. എന്നാല്‍ റിലീസിന് ശേഷം തെരിയോളം എത്തുകയുമില്ല വരുണ്‍ ധവാന്‍റെ അനിമലുമായില്ല ബേബി ജോണ്‍. ബോക്സ് ഓഫീസ് ഡിസാസ്റ്ററിലേക്ക് കുതിക്കുകയാണ് ചിത്രം. 160 കോടി മുടക്കി വമ്പന്‍ ബജറ്റിലാണ് സിനിമ ചിത്രീകരിച്ചത്. എന്നാല്‍ 11 ദിവസം കൊണ്ട് നേടിയതാവട്ടെ 40 കോടി മാത്രം. എന്തുകൊണ്ടാണ് ബേബി ജോണ്‍ ഇത്ര വലിയ ഡിസാസ്റ്ററായത്. എന്തൊക്കെയാണ് ബേബി ജോണിന്‍റെ പരാജയകാരണങ്ങള്‍
ഈ ഒടിടി കാലത്ത് റീമേക്കുകള്‍ ചെയ്ത് പരാജയം തുടരുമ്പോഴും വീണ്ടും റീമേക്കിന് മുതിരുന്നതാണ് ബോളിവുഡിന്‍റെ തകര്‍ച്ചയ്ക്ക് ഒരു പ്രധാനകാരണം. ഒറിജിനല്‍ ചിത്രത്തിലേക്ക് ഈസി ആക്സസ് ഉള്ളപ്പോള്‍ തിയേറ്ററില്‍ പോയി റീമേക്ക് കാണാന്‍ പ്രേക്ഷകര്‍ വിമുഖത പ്രകടിപ്പിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സൂര്യ ചിത്രം സൂരരൈ പോട്ര് റീമേക്ക് ചെയ്തെടുത്ത സര്‍ഫീര പരാജയമായത്. എന്നിട്ടും റീമേക്ക് ട്രെന്‍ഡ് ബോളിവുഡ് അവസാനിപ്പിക്കുന്നില്ല.
ഒരു കോമഡി, റൊമാന്‍റിക് ഹീറോ ആയിരുന്നു വരുണിനെ മാസ് ഹീറോ ആയി അവതരിപ്പിക്കാന്‍ ശ്രമിച്ച ചിത്രം കൂടിയാണ് ബേബി ജോണ്‍. അത്ര അസാധാരണമല്ലാത്ത തെരി എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് കാരണം വിജയ്യുടെ അസാമാന്യ സ്റ്റാര്‍ വാല്യുവിന്‍റെ പവര്‍ കൂടിയാണ്. വിജയ്യുടേതായ ചില ടിപ്പിക്കല്‍ സ്വാഗും സ്റ്റൈലും ഗെസ്ച്വേഴ്സും പലപ്പോഴും സിനിമക്ക് മുതല്‍ക്കൂട്ടാവാറുണ്ട്. ബേബി ജോണിന്‍റെ ചില രംഗങ്ങളെങ്കിലും വികലമായ അനുകരണങ്ങള്‍ മാത്രമായി പോയി. മാസ് ഹീറോ ആയി വരുണ്‍ ധവാനെ പ്ലേസ് ചെയ്യാനുള്ള ശ്രം വിജയിച്ചില്ല എന്ന് വേണം കരുതാന്‍.
നായകന്‍റെ യഥാര്‍ത്ഥ ഐഡന്‍റിറ്റിയിലേക്കുള്ള ട്രാന്സ്ഫര്മേഷന് സീനുകള്‍ ഒറിജിനലിന്‍റെ അത്ര എത്തിയിട്ടില്ല എന്നാണ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍. വില്ലനുമായി നായകന്‍ വിജയ് കുമാര്‍ ഐപിഎസ് നടത്തുന്ന സംഭാഷണങ്ങളും പിന്നാലെയുള്ള ച്യൂവിംഗം വായിലേക്കിടുന്ന ഐക്കോണിക്ക് രംഗങ്ങളും ബേബി ജോണില്‍ പാളിപ്പോയെന്നും വിശകലനങ്ങളുണ്ട്. ഒപ്പം തിരുകികയറ്റിയ സല്‍മാന്‍ ഖാന്‍റെ കാമിയോ റോള്‍ വേണ്ടിയിരുന്നില്ല എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇതിനോടൊപ്പം പുഷ്പ 2, മാര്‍ക്കോ എന്നീ ചിത്രങ്ങളുടെ ജനപ്രീതിയും ബേബി ജോണിന്‍റെ മോശം പെര്‍ഫോമന്‍സിന് കാരണമായിട്ടുണ്ട്.
ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിച്ചത്. വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.