അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറന്ന കത്തെഴുതി വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ്. ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്നും സഹോദരനായി ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ പറയുന്നു. തമിഴ്‌നാടിന്റെ സഹോദരിമാർക്ക് എന്ന് ആരംഭിക്കുന്ന കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ ‘സഹോദരനെ’ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ ഒപ്പമുണ്ടാകുമെന്നും വിജയ് കുറിച്ചു. ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ പറയുന്നു.
തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ വിമർശിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നും വിജയ് കത്തിൽ കുറിച്ചു.
അതസമയം, ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാംപസിലെ പീഡനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണ സമിതി ക്യാംപസിലെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി, കുടുംബാംഗങ്ങള്‍, സര്‍വകലാശാല അധികൃതര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും .