82–ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേദിയില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയില്‍ നിന്നുള്ള 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'നെ പിന്തള്ളി ഫ്രഞ്ച് ചിത്രം 'എമിലിയ പെരെസ്' മികച്ച വിദേശഭാഷാ ചിത്രമായി. ബ്രാഡി കോര്‍ബറ്റാണ് മികച്ച സംവിധായകന്‍ (ദ് ബ്രൂട്ടലിസ്റ്റ്). നാല് അവാര്‍ഡുകളാണ് 'എമിലിയ പെരെസ്' നേടിയത്. 10 നോമിനോഷനുകളുമായാണ് എമിലിയ പെരെസ് ഗോള്‍ഡന്‍ ഗ്ലോബിലെത്തിയത്
'ദ് ബ്രൂട്ടലിസ്റ്റാ'ണ് ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച ചിത്രം. 'എ കംപ്ലീറ്റ് അണ്‍നോണ്‍', 'കോണ്‍ക്ലേവ്', 'ഡ്യൂണ്‍– പാര്‍ട്ട് '2, 'നിക്കല്‍ ബോയ്സ്', 'സെപ്റ്റംബര്‍ 5' എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ബ്രൂട്ടലിസ്റ്റിന്‍റെ നേട്ടം. ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി. മികച്ച നടനും ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരമാണ് ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കിയത്.
ആഞ്ജലീന ജോളിയെയും നിക്കോള്‍ കിഡ്മാനെയും കേറ്റ് വിന്‍സ്ലെറ്റിനെയും പമേല ആന്‍ഡേഴ്സണെയും പിന്തള്ളി ബ്രസീലിയന്‍ നടി ഫെര്‍ണാണ്ട ടോറസ് മികച്ച നടിയായി. 'ഐം സ്റ്റില്‍ ഹിയറി'ലെ അഭിനയമാണ് 59കാരിയായ ഫെര്‍ണാണ്ടയെ ഗോള്‍ഡന്‍ ഗ്ലോബിന് അര്‍ഹയാക്കിയത്. ഷോഗന്‍ മികച്ച ടെലിവിഷന്‍ സീരിസ് ആയപ്പോള്‍ റെയ്ന്‍ഡീര്‍ ലിമിറ്റഡ് സീരിസ് വിഭാഗത്തിലെ ഗോള്‍ഡന്‍ ഗ്ലോബും നേടി.
ഗോള്‍ഡന്‍ ഗ്ലോബ് നേടാനായില്ലെങ്കിലും അഭിമാനാര്‍ഹമായ നേട്ടമാണ് പായല്‍ കപാഡിയ നേടിയത്.എഡ്വേര്‍ഡ് ബെര്‍ഗര്‍, ബ്രാഡി കോര്‍ബറ്റ്, കോറാല്‍ ഫാര്‍ഗീറ്റ് ജാക്വിസ് ഓഡിയാര്‍ഡിനോടുമാണ് പായല്‍ കപാഡിയ മല്‍സരിച്ചത്. സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് പായല്‍. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' കാനിലടക്കം തിളങ്ങിയിരുന്നു.ഗ്രാന്‍ പ്രി പുരസ്കാരമാണ് കാനില്‍ നിന്നും ചിത്രം നേടിയത്.