മെൽബണിൽ പതറുകയായിരുന്ന ഇന്ത്യയെ കൈപിടിച്ചുയർത്തുകയാണ് വാലറ്റം. അനാവശ്യഷോട്ട് കളിച്ച് റിഷഭ് പന്ത് പുറത്തായതോടെ ഓൾറൗണ്ടർമാരുടെ ബലത്തിലാണ് ഇന്ത്യ ഫോൾഓൺ ഒഴിവാക്കിയത്. കരിയറിലെ ആദ്യ അർധ സെഞ്ചറി പൂർത്തിയാക്കിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ജഡേജയ്ക്കൊപ്പം അടിച്ചു തുടങ്ങിയ നിതീഷിന് കൂട്ടായി നിലവിൽ വാഷിങ്ടൺ സുന്ദറാണ് ക്രീസിൽ.
കരിയറിലെ ആദ്യ അർധ സെഞ്ചറിക്ക് പിന്നാലെ പുഷ്പ സ്റ്റൈൽ ആഘോഷമാണ് താരം നടത്തിയത്. അല്ലു അർജുന്റെ പുഷ്പ സ്റ്റൈൽ ആക്ഷനോടെയാണ് താരത്തിന്റെ ആഘോഷം. അല്ലുവിന്റെ കഥാപാത്രത്തെ അനുകരിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 81 പന്തിൽ നിന്നാണ് നിതീഷ് കുമാറിന്റെ അർധ സെഞ്ചറി.
ചായയ്ക്ക് പിരിയുമ്പോള് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ സ്കോർ 326 കടന്നിട്ടുണ്ട്. എട്ട് ഫോറും ഒരു സിക്സറും സഹിതം 85 റൺസ് നേടിയ നിതീഷ് കുമാറും 40 റൺസോടെ വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ. ഫോൾഓൺ ഒഴിവാക്കിയ ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 474 റൺസിനേക്കാൾ ഇപ്പോഴും 148 റൺസ് പിന്നിലാണ്.
നിതീഷ് കുമാറും വാഷിങ്ടൺ സുന്ദറും തമ്മിലുള്ള 105 റൺസ് കൂട്ടുകെട്ടി ഒരു റെക്കോർഡും പിറന്നു. മെൽബൺ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
ഇന്ന് ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരാണ് മടങ്ങിയത്. ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് പന്ത് പുറത്താവുന്നത്. നതാൻ ലിയോണിന്റെ പന്തിൽ ജഡേജ എല്‍ബിഡബ്ല്യു ആവുകയായിരുന്നു.