സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അശ്ലീലച്ചുവയുള്ള പരാമർശം നടത്തുന്നത് ലൈംഗിക അത്രിക്രമത്തിന്‍റെ പരിധിയിൽ വരുമെന്നു ഹൈക്കോടതി. ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻ ജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ.രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 'ബോഡി സ്ട്രക്‌ചർ' നല്ലതാണെന്ന കമൻ്റിൽ ലൈംഗികച്ചുവയില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാൽ ഈ വാദം ജസ്റ്റിസ് എ.ബദറുദ്ദീൻ തള്ളുകയായിരുന്നു
സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയാണന്ന് പറയുകയും, അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും, മൊബൈലിൽ അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്നായിരുന്നു പരാതി. 2013 ൽ ഇതിനെതിരെ എക്‌സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയിരുന്നു. തുടർന്ന് രാമചന്ദ്രൻ നായരെ സ്ഥലംമാറ്റിയെങ്കിലും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ തുടർന്നു.
നമ്പർ ബ്ലോക്ക് ചെയ്‌തപ്പോൾ മറ്റു നമ്പറുകളിൽനിന്നു സന്ദേശം അയച്ചു. കെഎസ്ഇബി വിജിലൻസ് ഓഫിസർക്ക് പരാതി നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമില്ലാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊതുവേദികളിൽ സഹപ്രവർത്തകർക്കു മുന്നിൽ അശ്ലീല ഭാഷ ഉപയോഗിച്ച് അപമാനിക്കാറുണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു.