എണ്‍പതാം വയസില്‍ മലയാളത്തിന്‍റെ ഭാവഗായകന്‍ വിട വാങ്ങുമ്പോള്‍ മായുന്നത് പാട്ടിലെ ‘സ്വരവര്‍ണ രാജികളാണ്’. മലയാള ചലച്ചിത്രഗാന രംഗത്ത് എക്കാലവും പ്രണയവും വിരഹവും ഭക്തിയും നിറച്ച ഗായകനാണ് പി. ജയചന്ദ്രന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങളാണ് അദ്ദേഹം പാടിയത്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിനാണ് പി.ജയചന്ദ്രന്‍റെ ജനനം. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിന്‍റെ താല്‍പര്യം ജയചന്ദ്രനിലേക്കുമെത്തി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചിട്ടുണ്ട്. 1958 ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. സ്കൂളിലെയും വീടിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയിലെയും പതിവ് ഗായകനായിരുന്നു ജയചന്ദ്രൻ.
പാലിയം സ്കൂൾ, ആലുവ സെൻറ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദം. ശേഷം മദ്രാസിൽ സ്വകാര്യ കമ്പനിയിൽ ജോലി ആരംഭിച്ചു. ചെന്നൈയിലെ ഒരു ഗാനമേളയിൽ ജയചന്ദ്രന്റെ പാട്ടു കേട്ട ശോഭന പരമേശ്വരൻ നായരും എ. വിൻസെന്റുമാണ് അദ്ദേഹത്തെ സിനിമയില്‍ പാടാന്‍ ക്ഷണിച്ചത്. 1965ൽ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി.ഭാസ്കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ടു പാടി സിനിമാ പിന്നണിഗാന രംഗത്തേക്ക്. എന്നാല്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ റിലീസ് വൈകി.
റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജൻ ജയരാജന് കളിത്തോഴൻ എന്ന ചിത്രത്തിൽ പാടാന്‍ അവസരം നല്‍കി. അങ്ങിനെ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ, ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ പിറന്നു. ആദ്യം പാടിയത് ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന ഗാനമാണെങ്കിലും ജയചന്ദ്രേന്‍റേതായി ആദ്യം പുറത്തിറങ്ങിയത് ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’യാണ്. പിന്നീട് ജോലി ഉപേക്ഷിച്ച് സംഗീതത്തിനൊപ്പം കൂടി.
പി.ജയചന്ദ്രന്‍റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, തുടങ്ങിയ ഗാനങ്ങള്‍ കാല– ഭാഷഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്. 1985ല്‍ ശ്രീനാരായണ ഗുരുവിലെ ഗാനത്തിന് പി.ജയചന്ദ്രന്‍ ദേശീയപുരസ്കാരം നേടി. നാല് തവണ തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരവും ജെസി ഡാനിയല്‍ അവാര്‍ഡും ലഭിച്ചു.