മലയാളത്തില്‍ നിന്ന് തമിഴകവും കടംകൊണ്ട ഭാവവിസ്മയമാണ് ജയചന്ദ്രന്‍. പുതിയ തലമുറ തമിഴ് സംഗീതപ്രേമികളുടെ പ്ലേ ലിസ്റ്റുകളിലും ജയചന്ദ്രന്‍ പാട്ടുകള്‍ സ്ഥാനമുറപ്പിക്കുന്നു. തമിഴ് രാസാത്തിമാരെ പാടിമയക്കിയ രാസാവുമായിരുന്നു ജയചന്ദ്രന്‍. തമിഴ് വാക്കുകളെ താലാട്ടിയ ഉച്ചാരണം. വാക്കര്‍ഥങ്ങളെ ഉള്ളിലിട്ടുരുക്കി ഹൃദയങ്ങളിലേക്ക് നേരിട്ട് പകര്‍ന്ന ആലാപനം. ഏത് ഭാഷയും തലകുനിക്കുന്ന ഭാവപ്രപഞ്ചം
എംഎസ്വിയും ടി.രാജേന്ദറും എസ്എ രാജ്കുമാറും ഒക്കെ സ്വന്തം പാട്ടുകള്‍ക്ക് ആശ്രയിച്ച ശബ്ദം. പക്ഷേ ഇളയരാജയുടെ ഈണങ്ങളില്‍ പുറത്തു വന്ന ഗാനങ്ങളായിരുന്നു തരംഗമായത്. തമിഴ് സംഗീതം റഹ്മാന്‍ യുഗത്തിലെത്തിയപ്പോഴും ജയചന്ദ്രന്‍ തിളക്കം മാറാതെ നിന്നു. അല്ല, തിളക്കം കൂട്ടി തമിഴിനെ മയക്കി. മണിവര്‍ണനില്ലാത്ത വൃന്ദാവനം പോലുള്ള, തന്‍റെ പിതാവ് ആര്‍കെ ശേഖറിന്‍റെ ഈണങ്ങളെ അനശ്വരമാക്കിയ ഗായകന് റഹ്മാന്‍ ചില സവിശേഷ ട്യൂണുകള്‍ മാറ്റിവച്ചിരുന്നു.
ഇഷ്ട ഗായികയുടെ പേര് ചോദിച്ചാല്‍ പി.സുശീലയെന്ന് പറഞ്ഞ് ആ തമിഴ് പാട്ടുകള്‍ മാലയാക്കി പാടുന്ന ജയചന്ദ്രന് തമിഴ് ഒരു അന്യഭാഷയായിരുന്നില്ല. ഭാവഗാനങ്ങളിലൂടെ തമിഴിന്‍റെ ഇനിപ്പ് കൂട്ടിയ ജയചന്ദ്രന്‍ അവര്‍ക്ക് അന്യനാട്ടുകാരനുമായിരുന്നില്ല