രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചർ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രഖ്യാപന സമയം മുതല്‍ തന്നെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഗെയിം ചെയ്ഞ്ചര്‍. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ച പോലൊരു ചിത്രമല്ല ഗെയിം ചെയ്ഞ്ചറിനെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
സമ്മിശ്രപ്രതികരണമാണ് ആദ്യദിനത്തില്‍ തന്നെ ചിത്രത്തിന് ലഭിക്കുന്നത്. രാം ചരണിന്‍റെ അതിഗംഭീര പ്രകടനത്തിനൊപ്പം മാസ് സ്കെയിലിലുള്ള മേക്കിങ്ങ് ഉണ്ടെങ്കിലും തിരക്കഥക്ക് കെട്ടുറപ്പില്ലെന്നാണ് ഉയരുന്ന പ്രതികരണങ്ങള്‍. ശങ്കര്‍ സിനിമ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ശിഷ്ടകാലം വീട്ടിലിരുന്ന പഴയ പേര് നിലനിര്‍ത്തണമെന്നുമാണ് ഒരാള്‍ കുറിച്ചത്.
ശങ്കറിന്‍റെ സ്ഥിരം ലഞ്ചം കഥ ആവര്‍ത്തനവിരസമാണെന്നും പ്രതികരണങ്ങളുണ്ട്. കിയാര അഡ്വാനിയുടെ നായികാ കഥാപാത്രത്തിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും ജയറാമിന് അര്‍ഹതപ്പെട്ട വേഷമല്ല ലഭിച്ചതെന്നും വിമര്‍ശനങ്ങളുണ്ട്. ഇന്ത്യന്‍ 2വിന്‍റെ വമ്പന്‍ പരാജയത്തിനുശേഷം ശങ്കറിന്‍റെ തിരിച്ചുവരവാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ അദ്ദേഹം വീണ്ടം നിരാശപ്പെടുത്തുകയാണുണ്ടായതെന്നും പ്രേക്ഷകര്‍ പറഞ്ഞു.
അതേസമയം ഇന്ത്യൻ 2വിനേക്കാൾ ഭേദമാണ് ചിത്രം എന്ന അഭിപ്രായങ്ങളുമുണ്ട്. തെലുങ്ക് സിനിമയെന്ന രീതിയിൽ കണ്ടാൽ ചിത്രം മോശമല്ലെന്നും പ്രേക്ഷകർ പറയുന്നു. തമിഴ്നാടും കേരളവും അപേക്ഷിച്ചുനോക്കുമ്പോള്‍ തെലുങ്കില്‍ ഭേദപ്പെട്ട അഭിപ്രായമാണ് ഗെയിം ചെയിഞ്ചറിന് ലഭിക്കുന്നത്.
കേരളത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ തുടങ്ങിയവരും ചിത്രത്തില്‍ എത്തിയിരുന്നു. സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്‍റെ കഥ.