Shafi parambil with Facebook post about road accidents - 1

രേഖാചിത്രം ഗംഭീര പടമാണെന്നും, ഈ പരീക്ഷണ സിനിമയ്ക്ക് മമ്മൂട്ടി കൊടുത്ത പിന്തുണ വളരെ വലുതായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. മമ്മൂട്ടിയുടെ പരിപൂർണ സഹായമില്ലാതെ ഈ സിനിമ വരില്ലായിരുന്നു. ആന്റോ ജോസഫ് സഹായഹസ്തവുമായി ആദ്യന്ത്യം ഉണ്ടായിരുന്നു. വേണു കുന്നപ്പിള്ളി നിർമ്മാണം നിർവഹിച്ച മലയാള സിനിമയിൽ വന്ന ഈ മികച്ച ചിത്രം നിങ്ങൾക്ക് വേണ്ടി സജസ്റ്റ് ചെയ്യുകയാണെന്നും അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ജോഫിൻ ടി ചാക്കോ എന്ന സംവിധായകൻ മലയാള സിനിമയിൽ ഒരു ചരിത്രം കുറിക്കുകയാണ്. ഭൂതകാല സംഭവത്തെ കുറിച്ച് വർത്തമാന കാലത്തിൽ പറയുന്ന മലയാള സിനിമയുടെ ഭാവി കുറിക്കുന്ന ചിത്രം. ചോരപുരണ്ട പണത്തിൽ നിന്ന് എത്ര സമ്പാദിച്ചാലും ജീവിതവും, മനസ്സമാധാനവും, കുടുംബവും നഷ്ടമാകും എന്ന ആത്മഹത്യ  ഡയലോഗിൽ തുടങ്ങുന്ന ചിത്രം. ക്രൈം ത്രില്ലർ എന്ന് തോന്നിപ്പിക്കുമെങ്കിലും അതിലുപരി ജീവിതങ്ങളെ കുറിച്ചു പറയുന്ന ചിത്രം. വളരെ കുറച്ചു പടങ്ങൾക്കാണ് ഇന്റർവെൽ ആയോ എന്ന് നമ്മൾ വാച്ച് നോക്കാതിരിക്കുകയുള്ളൂ. ഈ സിനിമയുടെ ഇന്റർവെൽ ആവുന്നത് വരെ സമയം പോകുന്നതേ നമ്മൾ അറിയില്ല. 

മലക്കപ്പാറ എന്ന പ്രദേശത്ത് നിന്ന് കിട്ടുന്ന ഒരു അസ്ഥികൂടമാണ് ഈ സിനിമയുടെ കഥയുടെ ബേസ്. അത് അന്വേഷിക്കാൻ എത്തുന്ന ആസിഫ് അലിയുടെ പോലീസ് റോൾ. മലയാള സിനിമയിൽ ആദ്യമായി എ.ഐ സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായ ഉപയോഗിച്ച പടം ഇതാണ്. മമ്മൂട്ടിയെയും, ഭരതനെയും എ.ഐ നിർമ്മിച്ചപ്പോൾ അത് മലയാള സിനിമയുടെ ഭാവിയുടെ തുടക്കമായി. മാത്രമല്ല പഴയകാല ചിത്രങ്ങളായ  കാതോട് കാതോരവും, മുത്താരംകുന്ന് പി ഓയും ഒക്കെ സന്ദർഭത്തിനനുസരിച്ച് കഥകളിൽ വ്യക്തമായ പങ്കു വഹിക്കുന്നു. അതിന്റെ കഥ കോർഡിനേഷൻ വളരെ മികച്ചതായിരുന്നു. രാമു സുനിലും, ജോൺ എന്നിവർ അഭിനന്ദനം അർഹിക്കുന്നു.

സിനിമാ മോഹവുമായി വരുന്ന അനശ്വരയുടെ രേഖ എന്ന കഥാപാത്രമാണ് നായിക റോളിൽ. മനോജ് കെ ജയനും, സിദ്ധിക്കും, ഇന്ദ്രൻസും , സായികുമാറും, കമലും, ജഗദീഷും, ഹരിശ്രീ അശോകനും തുടങ്ങി വൻ താര നിരയാണ് സപ്പോർട്ടിങ് റോളിൽ ഈ ചിത്രത്തിമുള്ളത്. അവരെയൊക്കെ എത്ര മാത്രം ഉപയോഗിച്ചു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ഒരു പ്രണയ ബന്ധമാണ്. പ്രണയ ബന്ധങ്ങൾക്ക് മുന്നിൽ മറ്റൊന്നും ബാധകമല്ല എന്ന് മനോജ്‌ കെ ജയന്റെ ജീവിതം തെളിയിക്കുകയാണ്. സറിൻ ശിഹാബിന്റെ അഭിനയം വളരെ മികച്ചതായിരുന്നു. അവരുടെ ട്രാൻസിഷൻ വളരെ മനോഹരമായിട്ടാണ് സംവിധായകൻ   ചിത്രീകരിചിരിക്കുന്നത്.

ഒരു നല്ല ചിത്രം കണ്ടതിന്റെ സന്തോഷമുണ്ട്. സംവിധായകൻ മികച്ച രീതിയിൽ പ്രവർത്തിച്ചു. – അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Abin Varkey Kodiyattu fb post about Rekhachithram and mammootty