ajith-shalini

TOPICS COVERED

13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ വിജയം നേടിയ അജിത്ത് കുമാറിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റന്‍ മൂന്നാം സ്ഥാനം നേടി. ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും അജിത്തിന് ലഭിച്ചിരുന്നു. 

നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു' എന്ന് വേദിയില്‍ നിന്ന് പറയുന്ന അജിത്തിനേയും അതുകേട്ട് ചിരിക്കുന്ന ശാലിനുയേയും വിഡിയോയില്‍ കാണാം. റേസിനുപിന്നാലെ ശാലിനിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന അജിത്തിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. ശാലിനിക്കൊപ്പം മകള്‍ അനൗഷ്‌കയും ദുബായിലെത്തിയിരുന്നു. 

അജിത്തിന്റെ അടുത്ത സുഹൃത്തും നടനുമായ മാധവനും അജിത്തിന്‍റെ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനും മല്‍സരം കാണാന്‍ എത്തിയിരുന്നു. അജിത്തിന്റെ വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. 'നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. എന്തൊരു മനുഷ്യനാണ് നിങ്ങള്‍. ഒരേയൊരു അജിത് കുമാര്‍' എന്നാണ് മാധവന്‍ കുറിച്ചത്. 

അജിത്തിന്‍റെ വിഡിയോ പങ്കുവച്ച് ആദിക് രവിചന്ദ്രനും അഭിനന്ദനവുമായി രംഗത്തെത്തി. റേസിന് ശേഷം പുരസ്കാരം വാങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്ത് അജിത്തിന്‍റെ നേട്ടം രാജ്യത്തിന് അഭിമാനം എന്നാണ് ആദിക് കുറിച്ചത്. 

ENGLISH SUMMARY:

Ajith kumar's video thanking Shalini is going viral on social media