ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ശങ്കര്‍ ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. രാം ചരണ്‍ നായകനായ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങിയത്. എന്നാല്‍ തിയേറ്ററുകളിലെത്തി ആദ്യദിനം മുതല്‍ മോശം അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഗെയിം ചെയ്ഞ്ചറില്‍ താന്‍ നിരാശനാണെന്ന് പറയുകയാണ് സംവിധായകന്‍ ശങ്കര്‍. സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്നും തമിഴ് ബിഹൈന്ഡ്വുഡ്സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞു.
'എല്ലാ ഫിലിം മേക്കേഴ്‌സിനും അങ്ങനെയാണ്, പൂർണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്‌പുട്ടിൽ ഞാൻ പൂർണ്ണമായി തൃപ്തനല്ല, കുറച്ചുകൂടി നന്നാക്കാമായിരുന്നു. സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈർഘ്യം 5 മണിക്കൂറിൽ കൂടുതലുണ്ട്,' ഷങ്കർ പറഞ്ഞു.
ഇന്ത്യന്‍ 2വിന്‍റെ വലിയ പരാജയത്തിന് ശേഷം ശങ്കറിന്‍റെ തിരിച്ചുവരവാകും ഗെയിം ചെയ്ഞ്ചര്‍ എന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഈ പ്രതീക്ഷകള്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ് ചിത്രത്തിന് ലഭിക്കുന്നു പ്രതികരണങ്ങള്‍.
ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തില്‍ നായികയായത്. അഞ്ജലി, ജയറാം, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ തുടങ്ങിയവരും ചിത്രത്തില്‍ എത്തിയിരുന്നു. സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്‍റെ കഥ. കേരളത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.