ajith-vijay

TOPICS COVERED

നടന്‍ അജിത്തിനെതിരെ വിമര്‍ശനവുമായി മുന്‍ തമിഴ് സിനിമാ നിര്‍മാതാവ് അനന്തന്‍. അജിത്തിന് 160 കോടി പ്രതിഫലം ലഭിക്കാന്‍ കാരണം ആരാധകരാണെന്നും അവരോടാണ് താരം പോയി പണി നോക്കാന്‍ പറഞ്ഞതെന്നും അനന്തന്‍ പറഞ്ഞു. ആരാധകർ അവനവന്റെ കാര്യം നോക്കിയിരുന്നെങ്കിൽ അജിത്ത് കരിയറിൽ വളരുമോ അതോ തളരുമായിരുന്നോ എന്നും അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ അനന്തന്‍ പറഞ്ഞു. വിജയ് വാഴ്ക അജിത്ത് വാഴ്ക എന്ന് പറഞ്ഞുനടക്കുന്നവര്‍ സ്വന്തം ജീവിതം എന്നാണ് ജീവിക്കാന്‍ പോകുന്നതെന്ന് അജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാവിന്‍റെ വിമര്‍ശനം.

'ലക്ഷക്കണക്കിനുള്ള ആരാധകരാണ് അജിത്തിന്റെ ശമ്പളം നിർണയിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാൻ പറ്റുന്ന തിയറ്ററിൽ 50000 പേർ പുറത്ത് നിൽക്കുന്നുണ്ടെങ്കിൽ അതാണ് വലിയ ഓപ്പണിങ്. ഇതുവരെയും അജിത്തിന്റെ ആരാധകർ വലിയ ഓപ്പണിങ് താരത്തിന്റെ സിനിമകൾക്ക് നൽകുന്നു.

ഈ ഓപ്പണിങ് കാരണമാണ് അജിത്ത് പ്രതിഫലമായി 160 കോടി ചോദിച്ചാലും ലഭിക്കുന്നത്. ഓപ്പണിങ് നോക്കിയാണ് ഒടിടി പ്ലാറ്റ്ഫോമുകളും സാറ്റലൈറ്റ് ചാനലുകളും അജിത്തിന്റെ സിനിമകൾ‌ വാങ്ങുന്നത്. പടി പടിയായി അജിത്ത് ഈ ഉയരത്തിൽ നിൽക്കുന്നതിന് കാരണം ആരാധകരാണ്. ഈ ആരാധകരോടാണ് അജിത്ത് വാഴുക എന്ന് പറയരുത്, നിങ്ങൾ നിങ്ങളുടെ പണി നോക്കൂ ആവശ്യപ്പെടുന്നത്.

ആരാധകർ അവനവന്റെ കാര്യം നോക്കിയിരുന്നെങ്കിൽ അജിത്ത് കരിയറിൽ വളരുമോ അതോ തളരുമായിരുന്നോ എന്ന ചോദ്യമുണ്ട്. ഏറ്റവും ഉയരത്തിലെത്തി, ഇനി സിനിമ ആവശ്യമില്ല. അപ്പോഴാണ് ഇങ്ങനെ പറയുന്നത്. അജിത്ത് തന്റെ ആരാധകരെ അനാഥരാക്കി വിട്ടത് പോലെ വിജയ് കൈവിട്ടിട്ടില്ല. ഇന്ന് പല ആരാധകരും സ്വന്തം പണം മുടക്കിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. പണ്ട് ഒരു നാട്ടിൽ ഒരു തിയറ്ററിലാണ് അവരുടെ താരങ്ങളുടെ സിനിമ റിലീസ് ചെയ്യുക.

ഫാൻസ് ഷോ തിയറ്ററുകാർ നൽകും. കൂട്ടമായി വാങ്ങുന്ന ടിക്കറ്റുകൾ മറിച്ച് വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് പാലഭിഷേകവും കട്ടൗട്ടുമെല്ലാം ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഒരുപാട് തിയറ്ററുകളായി. ആർക്കും വലിയ തുക കൊടുത്ത് ടിക്കറ്റ് ഇവരിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല. ഇതോടെ സ്വന്തം പണം ചെലവഴിച്ച് ഫാൻസ് അസോസിയേഷനുകൾ താരത്തിന് വേണ്ടി പാലഭിഷേകവും മറ്റ് ആഘോഷങ്ങളും നടത്തി തുടങ്ങിയത്.

ഞങ്ങളുടെ തലൈവർ എന്നെങ്കിലും രാഷ്ട്രീയ നേതാവാകുമ്പോൾ ഇതെല്ലാം തിരിച്ച് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ഇത്തരത്തിൽ വിജയ്ക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഇപ്പോൾ വിജയ് രാഷ്ട്രീയത്തിലിറങ്ങിയിരിക്കെ ആരാധകർ സ്ഥാനമാനങ്ങൾക്ക് തർക്കിക്കുന്നുണ്ട്. അതിന് കാരണമിതാണ്. അവരെ കൈവിടരുതെന്ന് വിജയ് ആ​ഗ്രഹിക്കുന്നു. അത് നല്ല കാര്യമാണ്. വിജയുടെ ആരാധകർ അണികളായിരിക്കെയാണ് അജിത്ത് ഇങ്ങനെയൊരു പരാമർശം നടത്തുന്നത തെറ്റാണ്,' അനന്തൻ പറഞ്ഞു.

ENGLISH SUMMARY:

Former Tamil film producer Ananthan criticizes Ajith