മോഷണശ്രമം ചെറുക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലിഖാന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് അഞ്ച് മണിക്കൂര്‍ കൊണ്ടെന്ന് ഡോക്ടര്‍മാര്‍. നട്ടെല്ലിന് തൊട്ടരികെ തറഞ്ഞുകയറിയ കത്തിമുനയുമായാണ് താരം ആശുപത്രിയിലെത്തിയത്. മൂന്നിഞ്ചോളം നീളമുണ്ടായിരുന്ന കത്തിമുന  മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ലീലാവതി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സെയ്ഫ് അലിഖാനെ മകന്‍ ഇബ്രാഹിം കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക സ്കാനിങില്‍ തന്നെ നട്ടെല്ലിന് മധ്യഭാഗത്തായി കത്തികുത്തിക്കയറിയിരിക്കുന്നത്  ഡോക്ടര്‍മാര്‍ കണ്ടു. 'ഒരുമില്ലീ മീറ്റര്‍ നീങ്ങിയിരുന്നെങ്കിലോ, ആഴത്തിലായിരുന്നുവെങ്കിലോ ഗുരുതരമായ സ്ഥിതി ആയിപ്പോയെനെ' എന്ന് ശസ്ത്രക്രിയ നടത്തിയ ന്യൂറോ സര്‍ജന്‍ നിതിന്‍ ഡാങ്കെ വെളിപ്പെടുത്തി. കുത്തേറ്റ് നട്ടെല്ലില്‍ നിന്നും സ്രവം പുറത്തേക്ക് വന്നിരുന്നു. നിലവില്‍ താരം അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് സെയ്ഫിന്‍റെ ശരീരത്തിലെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. നട്ടെല്ലിന്‍റെ ശസ്ത്രക്രിയ മാത്രം രണ്ടര മണിക്കൂറോളമെടുത്തു. കത്തിയുടെ ഭാഗം പുറത്തെടുത്തു. ഇതിന് പുറമെ ഇടത്തേ കൈത്തണ്ടയില്‍ ആഴത്തിലും  കഴുത്തില്‍ വലത് വശത്തായും വയറിലും നെഞ്ചിലും സെയ്ഫിന് കുത്തേറ്റിരുന്നു. കഴുത്തിലും കൈത്തണ്ടയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഡോ. ലീല ജെയിനാണ്. ഇതിന് പിന്നാലെ രാവിലെ 11 മണിയോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. ഇന്ന് കൂടി തീവ്രപരിചരണ വിഭാഗത്തില്‍ താരത്തെ നിരീക്ഷിക്കും. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫും കുടുംബവും താമസിക്കുന്ന ബാന്ദ്രയിലെ വസതിയിലേക്ക് മോഷണം ലക്ഷ്യമിട്ട് അക്രമി എത്തിയത്. ശബ്ദം കേട്ട് വീട്ടിലെ സഹായികള്‍ ഉണര്‍ന്ന് ബഹളം വച്ചതോടെയാണ് സെയ്ഫും കരീനയും എഴുന്നേറ്റത്. അക്രമി സെയ്ഫിന്‍റെ മകനായ ജെയുടെ മുറിയിലായിരുന്നു. കുട്ടികളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതോടെയാണ് സെയ്ഫിന് മാരകമായി കുത്തേറ്റത്. തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

അതേസമയം, പ്രതിയെ പിടികൂടാന്‍ 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി മുംബൈ പൊലീസ്. പ്രതി വേഷം മാറിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്‍റെ അനുമാനം. ടീഷര്‍ട്ടും ജീന്‍സും ധരിച്ച് ബാക്ക്പാക്കുമായി ഓടി സ്റ്റെപ് ഇറങ്ങുന്ന പ്രതിയുടെ സിസിടിവി ദൃശ്യം ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. വടിയും ബ്ലേഡ് പോലത്തെ കത്തിയും പ്രതിയുടെ കൈവശമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ENGLISH SUMMARY:

Surgeons successfully removed a 3-inch knife tip from actor Saif Ali Khan's mid-spine following an intruder attack. Khan also sustained multiple other injuries to his wrist, neck, and stomach. Neurosurgeon Dr. Nitin Dange and plastic surgeon Dr. Leena Jain led the operation. He is stable now