മുംബൈയിലെ വസതിയില്‍ കടന്ന് സെയ്ഫ് അലി ഖാനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂറിന്‍റെ മൊഴി പുറത്ത്. അക്രമി ഫ്ലാറ്റില്‍ മോഷണം നടത്തിയിട്ടില്ലെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും അവര്‍ ബാന്ദ്ര പൊലീസില്‍ മൊഴി നല്‍കി. കുട്ടിയെ ആക്രമിക്കാനാണ് അതിക്രമിച്ചു കടന്നയാള്‍ ശ്രമിച്ചത്. കുട്ടിയെയും പരിചരിക്കുന്ന സഹായിയെയും അപ്പോള്‍ തന്നെ സെയ്ഫ് അലിഖാന്‍ 12–ാംനിലയിലേക്ക് മാറ്റി. കരിഷ്മ കപൂറെത്തി അവരുടെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ട് പോയെന്നും സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടതെന്നും കരീനയുടെ മൊഴിയില്‍ പറയുന്നു.
അതേസമയം, സെയ്ഫിനെ ആക്രമിച്ച കേസില്‍ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയിലെ ദാദറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈല്‍ ഫോണ്‍ കടയില്‍ കയറിയ പ്രതി ഇവിടെ നിന്നും ഹെഡ്ഫോണ്‍ വാങ്ങുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ ഗുജറാത്തിലേക്ക് കടന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഗുജറാത്തിലേക്ക് തിരിച്ചു.