പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷ പരമാവധി കുറച്ച് നല്‍കണമെന്ന് കോടതിയോട് അപേക്ഷിച്ച് പ്രതി ഗ്രീഷ്മ. 24 വയസ് മാത്രമാണ് പ്രായമെന്നും പഠിക്കാന്‍ മിടുക്കിയാണെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. വിദ്യാഭ്യാസ രേഖകളും കൈമാറി. ഗ്രീഷ്മയോട് ജഡ്ജി വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ഷാരോണ്‍ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം വാദമുയര്‍ത്തി.
അതേസമയം, ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ സ്വഭാവമാണെന്നും സ്നേഹത്തെയാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ അഭ്യര്‍ഥിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരോണിനെ പ്രതി വകവരുത്തിയത്. ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി. കേസില്‍ തിങ്കളാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.
വിഷം കൊടുത്തുള്ള കൊലപാതകം , പൊലീസിനെ തെറ്റിധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയിൽ ചികില്‍സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്.
ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. പ്രണയം തീവ്രമായതോടെ ഇരുവരും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. പക്ഷേ നാഗര്‍കോവില്‍ സ്വദേശിയായ പട്ടാളക്കാരന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമങ്ങള്‍ തുടങ്ങി. വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെന്നും പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ആദ്യത്തെ വാദം. ഇത് ഫലിക്കാതെ വന്നതോടെ ജാതകം പ്രശ്നമാണെന്നും തന്നെ വിവാഹം കഴിച്ചാല്‍ ഷാരോണ്‍ മരിച്ചുപോകുമെന്നും കള്ളക്കഥയുണ്ടാക്കി. ഇതും പൊളിഞ്ഞതോടെ ഷാരോണിനെ വകവരുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.