marco-cinema-ragesh

ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ 100 കോടിക്ക് മേൽ കളക്ഷനുമായി ബോക്സോഫീസിൽ കുതിക്കുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് അടക്കമുള്ള ഭാഷയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച രാഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. സെറിബ്രൽപാൾസി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്‍പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സാമ്പത്തിക സഹായവും തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ‘മാർക്കോ’ ടീം.

രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയേറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.

‘കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്‍റെ ചിത്രം ‘കളം@24’ മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു. സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്’, രാഗേഷ് പറയുന്നു. 

ENGLISH SUMMARY:

Sharif Muhammad, the producer of Marco, has extended his support to director Ragesh Krishnan, who overcame physical challenges to fulfill his dream of filmmaking. Despite living with cerebral palsy, Ragesh turned his determination into success by directing films. The "Marco" team has promised financial aid and continued support to help him realize his future cinematic endeavors