യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിനിടെ വൈറലായി ട്രംപ്–മെലാനിയ ചുംബനം. ഏറ്റവും സ്നേഹത്തോടെയും സന്തോഷത്തോടെയും സത്യപ്രതിജ്ഞാ ചടങ്ങിനു മുന്‍പായി നടത്തുന്ന ചുംബനവും യുഎസ് ചടങ്ങുകളുടെയും സംസ്കാരത്തിന്റെയും ഭാഗമാണ്. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ പോലും നില്‍ക്കാതെ വശം തിരിഞ്ഞ് നിന്നാണ് ചുംബിച്ചത്. അതും ആംഗ്യത്തിലൂടെയായിരുന്നു പ്രഥമവനിതയും യുഎസ് പ്രസിഡന്റും ചുംബിച്ചത്. ഈ വിഡിയോ സെക്കന്റുകള്‍ക്കകം സമൂഹമാധ്യമങ്ങളിലും വൈറലായി. ‘ഓക്ക്‌വേര്‍ഡ് എയര്‍ കിസ്’എന്നാണ് വിദേശമാധ്യമങ്ങള്‍ ട്രംപ്–മെലാനിയ ചുംബനത്തെ വിശേഷിപ്പിച്ചത്.
മെലാനിയ തലയില്‍ ധരിച്ച തൊപ്പിയാണ് ഈ ഓക്ക്‌വേര്‍ഡ് ചുംബനത്തിനു കാരണമായത് എന്നാണ് വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. തൊപ്പിയുടെ വലുപ്പം കാരണം ട്രംപിന് ഉദ്ദേശിച്ചതുപോലെ ചുംബിക്കാനായില്ലെന്നും എക്സ് ഉപയോക്താവ് പറയുന്നു. സ്മാര്‍ട് ലേഡിയാണ് മെലാനിയയെന്നും സോഷ്യല്‍മീഡിയ പറയുന്നു. അതേസമയം ഇതാദ്യമായല്ല ഇരുവരും തമ്മില്‍ പരസ്യമായി അകല്‍ച്ച പ്രത്യക്ഷമാകുംവിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ നവംബറില്‍ ഫ്ലോറിഡയില്‍ നടന്ന പരിപാടിക്കിടെയും ട്രംപ് ചുംബിക്കാനായി വന്നെങ്കിലും മെലാനിയ അതുകണ്ട ഭാവം പോലും നടിച്ചിരുന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും അകല്‍ച്ചയും ഉണ്ടെന്ന തരത്തിലാണ് അന്നും വാര്‍ത്തകള്‍ വന്നത്.
ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞച്ചടങ്ങുകള്‍ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
അമേരിക്കയുടെ സുവര്‍ണകാലഘട്ടം തുടങ്ങിയെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കും, നീതിപൂര്‍വമായ ഭരണം നടപ്പാക്കും. അമേരിക്കയുടെ വിമോചനദിനമാണിതെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഭരണത്തെ കണക്കറ്റ് വിമര്‍ശിച്ചുകൂടിയായിരുന്നു ട്രംപിന്റെ ആദ്യപ്രസംഗം.