സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാണ് ചിലര്‍. കണ്ടാല്‍ പേടി തോന്നുന്ന പല പ്രാങ്കുകളും ഇത്തരക്കാര്‍ പരീക്ഷിച്ചു നോക്കുക പതിവാണ്. അത്തരത്തില്‍ പ്രാങ്ക് ചെയ്ത് പണി വാങ്ങിയിരിക്കുകയാണ് ഒരു യുവാവ്. ആളുകളെ ആകര്‍ഷിക്കാനായി ചുണ്ട് സൂപ്പര്‍ഗ്ലൂകൊണ്ട് ഒട്ടിച്ചു, പിന്നെ കരച്ചിലായി ബഹളമായി. എന്തായാലും സംഗതി കൈവിട്ടുപോയി.
ഇതുമാത്രമല്ല മെഴുകുതിരി ഉരുക്കി ശരീരത്തില്‍ ഒഴിക്കുക, സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കുക തുടങ്ങി പല പ്രാങ്കുകളും ഇയാള്‍ ചെയ്യുന്നുണ്ട്. ബാഡിസ്–ടിവി എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമയായ ഒരു ഫിലിപ്പിന്‍സുകാരനാണ് ഈ പ്രാങ്കുകളൊക്കെ ചെയ്യുന്നത്. എങ്ങനെയും വൈറലാകുക, ഫോളോവേഴ്സിനെ കൂട്ടുക എന്നതുമാത്രമാണ് ഇയാളുടെ പ്രധാന ലക്ഷ്യം.
ചുണ്ടില്‍ സൂപ്പര്‍ഗ്ലൂവൊക്കെ തേക്കുന്നത് കുറച്ചുകൂടിപ്പോയില്ലേ ചേട്ടാ എന്ന കമന്‍റുമായി നിരവധി മലയാളികളും ഈ പ്രൊഫൈലില്‍ എത്തിയിട്ടുണ്ട്. ഒരു കടയിലിരുന്നാണ് യുവാവ് ചുണ്ടില്‍ സൂപ്പര്‍ഗ്ലൂ ഒഴിക്കുന്നത്. ആദ്യം ഒന്ന് ചിരിക്കുന്നുണ്ട്, പെട്ടെന്നു തന്നെ മുഖഭാവങ്ങളൊക്കെ മാറി അത് കരച്ചിലായി. വായ തുറക്കാനാവാതെ യുവാവ് നടന്നുപോകുന്നതാണ് വിഡിയോയില്‍ ഉള്ളത്. പിന്നീട് എന്ത് സംഭവിച്ചു എന്ന് പറയുന്നുമില്ല.
ഇവിടംകൊണ്ടും നിര്‍ത്താതെ അടുത്ത വിഡിയോയും എത്തി, ഇട്ടിരുന്ന ബനിയന്‍ മാറ്റി കമിഴ്ന്ന് കിടക്കുമ്പോള്‍ കൂടെയുള്ളയാള്‍ മുതുകില്‍ മെഴുകുതിരി ഉരുക്കിയൊഴിക്കുന്നതാണ് ഇത്. ആദ്യത്തെ തുള്ളി വീഴുമ്പോള്‍ തന്നെ യുവാവ് ചാടുന്നുണ്ട്. എന്നിട്ടും കിടന്നുകൊടുക്കുകയാണ്. പക്ഷേ രണ്ടാമത്തെ തുള്ളി മെഴുകുകൂടി വീണതോടെ ഇയാള്‍ മതിയാക്കു ചാടിയെണീക്കുകയാണ്. എന്തിനാണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന ചോദ്യമാണ് കമന്‍റ് ബോക്സില്‍ നിറയെ. ചീത്തവിളിക്കാന്‍ മാത്രമായി പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരും കുറവല്ല. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് ആയിരത്തിനു മുകളില്‍ മാത്രമാണെങ്കിലും റീലുകള്‍ക്ക് എട്ടു മില്യണിലധികം കാഴ്ചക്കാരുണ്ട്.