നടന്‍ വിജയ് സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതിനു പിന്നാലെ അതേ പാതയിലേക്ക് നടി തൃഷ കൃഷ്ണനും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമാ നിരീക്ഷകനായ വി.പി അന്തനന്റെ പരാമർശമുണ്ട് ഇതുസംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചത്. നടി ഇതേക്കുറിച്ച് തന്‍റെ അമ്മയോട് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ ഇതിന്‍റെ പേരില്‍ പ്രശ്നങ്ങളുണ്ടായി എന്നുമാണ് അന്തനന്റെ അവകാശവാദം.
സിനിമ പൂര്‍ണമായും ഉപേക്ഷിക്കുന്നതിനോട് തൃഷയുടെ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് വിവരം. തൃഷ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. വിജയ്‍യും തൃഷയും അടുപ്പത്തിലാണെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. നടി കീർത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു.
പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചിറങ്ങിയ ഇവരൂളുടെ എയർപോർട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ടുപിന്നാലെ 'ജസ്റ്റിസ് ഫോര്‍ സംഗീത' എന്ന ഹാഷ്ടാഗും വ്യാപകമായി. ഭാര്യ സംഗീതയുമൊത്ത് വിജയ്‌യെ അടുത്തിടെയൊന്നും കണ്ടിട്ടില്ല. അതിനിടെയാണ് തൃഷയ്ക്കൊപ്പമുള്ള യാത്ര. ഇതോടെയാണ് ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായത്. തൃഷയും വിജയ്‍യും തമ്മില്‍ പ്രണയത്തിലാണെന്നും വിജയ് സംഗീതയെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ വാദം.
വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിന് തൊട്ടുമുന്‍പ് റിലീസായത് 'ഗോട്ട്' എന്ന സിനിമയാണ്. ഗോട്ടില്‍ ഒരു ഡാന്‍സ് രംഗത്തില്‍ തൃഷ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗില്ലി എന്ന ചിത്രത്തിലെ പാട്ടിൽ തൃഷയും വിജയ്‍യും ചെയ്ത സ്റ്റെപ്പ് 'ഗോട്ടി'ൽ ആവര്‍ത്തിച്ചതും ശ്രദ്ധേയമായി. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച കോംബോ അവസാനമായി ഒന്നിച്ച ചിത്രം 'ലിയോ' ആയിരുന്നു.
വിജയ്‌യുടെ നായിക വേഷത്തിലാണ് 'ലിയോ'യില്‍ തൃഷ എത്തിയത്. 'ലിയോ'യുടെ റിലീസിന് പിന്നാലെ വിജയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുളള തൃഷയുടെ പോസ്റ്റ് കൂടി വൈറലായതോടെ ഡേറ്റിങ് വിവാദം ചൂടുപിടിച്ചു. വിജയ്യെയും തൃഷയെയും എംജിആര്‍-ജയലളിത ജോഡികളോട് ഉപമിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍.
ടൊവീനോ ചിത്രം ഐഡന്റിറ്റിയാണ് മലയാളത്തിൽ തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. അജിത്തിനൊപ്പം അഭിനയിച്ച വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് തൃഷയുടെ പദ്ധതിയെന്ന വാർത്തകള്‍ പ്രചരിക്കുമ്പോള്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ്‌യുടെ ലക്ഷ്യം. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.