കമല്‍ഹാസന്റെ അവ്വൈ ഷണ്‍മുഖിയെ സ്റ്റേജില്‍ അവതരിപ്പിച്ച് കയ്യടി നേടിയ നര്‍ത്തകന്‍ സന്തോഷ് ജോണിന് വിട. പട്ടാമ്പിയിൽ നൃത്ത പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാതയിൽ ദേശം കുന്നുംപുറത്തുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുടെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു സൂചന.
സന്തോഷിന്റെ അവ്വൈ ഷണ്‍മുഖിയെ കാണാന്‍ കമല്‍ഹാസന്‍ ഒരിക്കല്‍ നേരിട്ടു വിളിച്ചുവരുത്തിയിരുന്നു. ചിത്രത്തിലെ ഡാന്‍സ് കാണിക്കുകയും തുടര്‍ന്ന് കമല്‍ഹാസന്‍ സന്തോഷിന് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീട് കോട്ടയം നസീർ, നാദിർഷാ തുടങ്ങിയവരുടെ കൂടെ നാട്ടിലും വിദേശത്തുമായി ഒട്ടേറെ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സത്യം ശിവം സുന്ദരം എന്ന സിനിമയിലാണ് ആദ്യം മുഖം കാണിച്ചത്. അപരൻമാർ നഗരത്തിൽ, ബാംബു ബോയിസ്, സ്പാനിഷ് മസാല ഒട്ടേറെ സിനിമകളിലും അഭിനയിച്ചു.
തെരുവ് സർക്കസിലൂടെയാണ് സന്തോഷിന്റെ കുടുംബം കലാരംഗത്തേക്ക് കടന്നു വന്നത്. പിതാവ് ജോൺ സർക്കസ് കലാകാരനായിരുന്നു. മാതാവ് ലീലാമ്മയും കലാകാരിയാണ്. ഒരു വർഷം മുൻപ് പട്ടാമ്പിയിലെ ഒരു കല്യാണ വീട്ടിലെ ലീലാമ്മയുടെ ഡാൻസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സഹോദരിമാരും കലാകാരികളാണ്.