ജനപ്രിയ സിനിമകളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ പ്രിയ സംവിധായകൻ ഷാഫി അന്തരിച്ച വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. ഏക്കാലവും ‘റിപ്പീറ്റ് വാല്യു’ ഉള്ള സിനിമകളാണ് ഷാഫി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഒരിക്കൽ കണ്ടവർക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒന്ന് ഓരോ സിനിമയിലുമുണ്ടാകും. കഠിനാധ്വാനവും പ്രേക്ഷകരുടെ പൾസ് അറിഞ്ഞ കഥകളും നർമത്തിന്റെ മർമവും ചേർത്തുണ്ടാക്കിയ രസക്കൂട്ടായിരുന്നു ഷാഫിയുടെ ഓരോ സിനിമകൾ.
സംവിധാനം ചെയ്ത എല്ലാ സിനിമകളും വിജയം. സിനിമാ വിജയത്തിന് പിന്നിലെ രഹസ്യം പലയാവർത്തി ഷാഫിക്കു നേരെ ചോദ്യമായി വന്നപ്പോൾ കൊടുത്ത മറുപടി ഇങ്ങനെ...‘രഹസ്യമൊന്നുമില്ല. ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ റേഷൻ അരിയുടെ കാര്യം ഓർമ വരും. 10 കൊല്ലം ദാരിദ്ര്യം കൊണ്ടു തുടർച്ചയായി റേഷനരി കഴിച്ചാണ് ജീവിച്ചത്. ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും. വീണ്ടും ആ ദാരിദ്ര്യത്തിലേക്കു പോകാതിരിക്കാൻ നന്നായി കഠിനാധ്വാനം ചെയ്യും. അതാണ് എന്റെ സിനിമയിലെ വിജയം.
സിനിമയിൽ അമ്മാവൻ സിദ്ദിഖും സഹോദരൻ റാഫിയും സംവിധായകൻ രാജസേനനുമായിരുന്നു ഷാഫിക്ക് ഗുരുസ്‌ഥാനത്ത് ഉണ്ടായിരുന്നത്.
ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.