ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ‘ഡബിള്‍’ സര്‍പ്രൈസായാണ് വിജയ് ചിത്രം ജന നായകന്‍റെ പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നത്. ആദ്യം ഒരു സെല്‍ഫി ചിത്രം, പിന്നാലെ ചാട്ടവാറും കയ്യില്‍ ചുഴറ്റി ചുണ്ടില്‍ ചെറുചിരിയുമായി എം.ജി.ആറിന്‍റെ ‘നാന്‍ ആണൈ ഇട്ടാല്‍’ ലുക്കില്‍ അടുത്ത പോസ്റ്ററും. ഇതോടെ ആരാധകരും ഹാപ്പി.
പോസ്റ്ററുകള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമത്തില്‍ വൈറലായി. നടൻ വിജയ്‌യുടെ അവസാന ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നീട് സിനിമയിലേക്ക് മടങ്ങിവരില്ല എന്ന് താരം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ‘ജന നായകന്‍’ വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വിജയ്‌യുടെ 69-ാമത്തെ ചിത്രമാണിത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ.വി.എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. അനിരുദ്ധ് ആണ് സംഗീത സംവിധാനം.