ലോകസംഗീതത്തിന് ഇന്ത്യന്‍ സിനിമയുടെ സംഭാവന! കലയെ കാലത്തിനപ്പുറം ഉയര്‍ത്തി നിര്‍ത്തിയ സംഗീതചക്രവര്‍ത്തി. അക്ഷരാര്‍ഥത്തില്‍ ഇസൈ ജ്ഞാനി. ഇളയരാജ എന്നത് ആ മനുഷ്യന് കിട്ടിയ നാലാമത്തെ പേരായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? എന്താണ് ഇളയരാജയുടെ യഥാര്‍ഥ പേര് എന്ന് ആലോചിച്ചിട്ടുണ്ടോ? ഈ നാല് പേരുകള്‍ക്ക് പുറമേ നാടകപ്രവര്‍ത്തന സമയത്ത് മറ്റൊരു പേരും സിനിമാസംഗീതസംവിധാന രംഗത്ത് തുടക്കം കുറിച്ചപ്പോള്‍ വേറൊരു പേരും ഇളയരാജ ഉപയോഗിച്ചിട്ടുണ്ട്. എന്തായിരുന്നു ഇളയരാജയുടെ ശരിക്കുള്ള പേര് അഥവാ പേരുകള്‍?
1943ല്‍ തേനി ജില്ലയിലെ കമ്പത്താണ് ഇളയരാജ ജനിച്ചത്. മകന്‍റെ ജാതകം വായിച്ചശേഷം അച്ഛന്‍ ഡാനിയേല്‍ രാമസ്വാമി അവന് പേരിട്ടു, ജ്ഞാനദേശികന്‍! പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ ജ്ഞാനദേശികന്‍ ഇസൈ ജ്ഞാനിയായി വാഴ്തപ്പെട്ടത് കാലത്തിന്‍റെ മറ്റൊരല്‍ഭുതം. ജ്ഞാനദേശികനെ സ്കൂളില്‍ ചേര്‍ക്കാനെത്തിയപ്പോള്‍ രാമസ്വാമിക്ക് സംശയം. ഈ ചെറിയ കുട്ടിക്ക് ഇത്ര വലിയ പേര് വേണോ? അങ്ങനെ സ്കൂളില്‍ ജ്ഞാനദേശികന്‍ രാജയ്യ ആയി. പിന്നെ കാലങ്ങളോളം എല്ലാവരും അവനെ രാജയ്യ എന്നുവിളിച്ചു.
1968ല്‍ ഇരുപത്തഞ്ചാംവയസില്‍ രാജയ്യ കമ്പത്തുനിന്ന് മദ്രാസിലേക്ക് വണ്ടികയറി. സംഗീതം പഠിക്കാനും സിനിമയില്‍ അവസരം തേടിയുമായിരുന്നു ആ യാത്ര. അതിന് ആദ്യം സിനിമാസംഗീതത്തിന്‍റെ വഴികള്‍ പഠിക്കണമല്ലോ. അന്ന് ജോലി ചെയ്തിരുന്ന നാടകട്രൂപ്പിലെ ഗായിക കമലയാണ് ധന്‍രാജ് മാസ്റ്ററുടെ പേര് നിര്‍ദേശിച്ചത്. അക്കാലത്ത് സിനിമയില്‍ അവസരം പ്രതീക്ഷിച്ചെത്തുന്നവരെല്ലാം ധന്‍രാജ് മാസ്റ്ററുടെ കീഴില്‍ പാശ്ചാത്യ സംഗീതം അഭ്യസിച്ചിരുന്നു. എസ്.വി.വെങ്കിട്ടരാമന്‍, സി.ആര്‍.സുബ്രഹ്മണ്യന്‍, എം.എസ്.വിശ്വനാഥന്‍ തുടങ്ങിയ പ്രഗല്‍ഭ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന സംഗീതജ്ഞരില്‍ മിക്കവരും ധന്‍രാജ് മാസ്റ്ററുടെ ശിഷ്യരാണ്.
ആദ്യത്തെ നോട്ട് എഴുതിക്കൊടുക്കുമ്പോള്‍ ധന്‍രാജ് മാസ്റ്റര്‍ ചോദിച്ചു, ‘നിന്‍റെ പേരെന്താ?’. ‘രാജയ്യ’ എന്ന് മറുപടി. ‘ആ പേരത്ര പോരല്ലോ’ എന്നായി മാസ്റ്റര്‍. ‘ഒരു കാര്യം ചെയ്യാം, രാജ എന്നുവയ്ക്കാം.’ ‘അങ്ങയുടെ ഇഷ്ടം പോലെ...’ എന്ന് രാജ മറുപടി നല്‍കി. അങ്ങനെ ജ്ഞാനദേശികന്‍ എന്ന രാജയ്യയുടെ മൂന്നാം പേര് പിറന്നു. രാജ! സിനിമാസംഗീതജ്ഞരെക്കുറിച്ച് ധന്‍രാജ് മാസ്റ്റര്‍ക്ക് അത്ര മതിപ്പൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു. എന്നാല്‍ രാജ മറ്റൊരു തലത്തില്‍ നില്‍ക്കുന്ന മാന്ത്രികനാണെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന് അധികം സമയമൊന്നും വേണ്ടിവന്നില്ല.
ഗംഗൈ അമ്മന്‍കോവില്‍ സ്ട്രീറ്റിലെ ഒരു ലോഡ്ജില്‍ സംവിധായകന്‍ ഭാരതിരാജയ്ക്കും സഹോദരന്‍ ഭാസ്കറിനൊപ്പമായിരുന്നു രാജയുടെ താമസം. ഒരുദിവസം ലോഡ്ജുടമ മൂന്നുപേരെയും ഇറക്കിവിട്ടു. വാടക മുടങ്ങിയതുതന്നെ കാരണം. ഗായിക കമല അപ്പോഴും രക്ഷയ്ക്കെത്തി. ഒരു ഔട്ട്ഹൗസില്‍ താമസിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കി. ലുസ് കോര്‍ണറിലെ മറ്റൊരു ലോഡ്ജിലായിരുന്നു ധന്‍രാജ് മാസ്റ്ററുടെ താമസം. ഗംഗൈ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ നിന്ന് ലുസ് കോര്‍ണറിലേക്ക് 12ബി ബസില്‍ പോകും. പണമില്ലാത്ത ദിവസങ്ങളില്‍ അത്രയും ദൂരം നടന്നുപോയാണ് രാജ പഠിച്ചിരുന്നത്.
പഠനത്തിനൊപ്പം സിനിമാരംഗത്ത് രാജ അവസരങ്ങള്‍ കണ്ടെത്തി. സംഗീതസംവിധായകന്‍ ഗോവര്‍ധന്‍ ഒരുദിവസം രാജയോട് പറഞ്ഞു. ‘നമുക്ക് ഒന്നിച്ച് ജോലി ചെയ്യാം. ഗോവര്‍ധന്‍–രാജ എന്ന പേരില്‍ സംഗീതസംവിധായകരാകാം.’ രാജ സമ്മതിച്ചു. അങ്ങനെ ഗോവര്‍ധന്‍–രാജ എന്ന പേര് സ്ക്രീനില്‍ തെളിഞ്ഞു. ‘വരപ്രസാദം’ ആയിരുന്നു സിനിമ. അതിനുശേഷമാണ് നിര്‍മാതാവും തിരക്കഥാകൃത്തും ഗാനരചയിതാവുമായ പഞ്ചു അരുണാചലത്തെ കാണുന്നത്. ചെന്നൈയിലെ ഒരു ലോഡ്ജ് മുറിയില്‍.
പഞ്ചു അരുണാചലം ഒരു പടം ചെയ്യാന്‍ ചാന്‍സ് ഓഫര്‍ ചെയ്തു. പാട്ടൊക്കെ കംപോസ് ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന് രാജ അദ്ദേഹത്തോട് പറഞ്ഞു. കേള്‍ക്കട്ടെ എന്നായി പഞ്ചു. കയ്യില്‍ ഒരു ഹാര്‍മോണിയം പോലുമില്ല. മുറിയിലുണ്ടായിരുന്ന മേശപ്പുറത്ത് താളമിട്ട് രാജ പാടിക്കേള്‍പ്പിച്ചു. ‘മച്ചാനെ പാത്തീങ്കളാ.... അന്നൈക്കിളി ഉള്ളം തേടുത്...’ ഇമ ചിമ്മാതെ നോക്കി നിന്ന പഞ്ചു അരുണാചലം പാട്ടുതീര്‍ന്നപ്പോള്‍ പറഞ്ഞു. ‘ഞാന്‍ ഇപ്പോള്‍ ഒരു കോമഡി പടമാണ് എഴുതിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ കംപോസ് ചെയ്ത പാട്ടുകള്‍ അതിന് ചേരില്ല. ഈ പാട്ടുകള്‍ക്കുവേണ്ടി മാത്രം ഞാന്‍ ഒരു പടം പിടിക്കും.’ അങ്ങനെയാണ് ‘അന്നക്കിളി’ പിറന്നത്.
അന്നക്കിളിയുടെ ടൈറ്റിലില്‍ എന്തുപേരുവയ്ക്കും എന്ന് പഞ്ചു അരുണാചലം ചോദിച്ചു. ഗോവര്‍ധന്‍–രാജ എന്ന പേരുതന്നെ ഉപയോഗിക്കാം എന്ന് രാജ പറഞ്ഞു. മറുപടി ഇതായിരുന്നു. ‘ഞാന്‍ നിനക്ക് ഒരു ചാന്‍സ് തരികയാണ്. അപ്പോള്‍ ഞാന്‍ എന്തിന് ഗോവര്‍ധന്‍റെ പേരുവയ്ക്കണം. അത് സാധ്യമല്ല.’ എങ്കില്‍ രാജ എന്ന പേരുതന്നെ ഉപയോഗിക്കാമെന്ന് രാജയുടെ മറുപടി. അപ്പോഴും കണ്‍ഫ്യൂഷന്‍. എ.എം.രാജ കത്തിനില്‍ക്കുന്ന സമയമാണ്. മറ്റൊരു രാജ കൂടി വരുമ്പോള്‍ ആശയക്കുഴപ്പമാകുമെന്ന് പഞ്ചു അരുണാചലം. പാവലര്‍ ബ്രദേഴ്സ് എന്നായാലോ എന്ന് രാജ. ആ പേരിലാണ് നാടകസംഗീതം ചെയ്യുന്നതും എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ കച്ചേരികള്‍ ചെയ്യുന്നതുമെല്ലാം. അത് പഴഞ്ചനാണെന്ന് പഞ്ചു അരുണാചലം. പിന്നെ അദ്ദേഹം തന്നെ പറഞ്ഞു. ‘നീ രാജ. വേറെ ഒരു രാജ ഇപ്പോള്‍ത്തന്നെ പ്രശസ്തനായുണ്ട്. അപ്പോള്‍ നീ ഇളയരാജ... ഇളയരാജ എന്ന് വച്ചുക്കോ’. അങ്ങനെ ലോകത്തെ അതിശയിപ്പിച്ച ഇന്നും മേല്‍ക്കുമേല്‍ അതിശയിപ്പിക്കുന്ന ഇളയരാജ എന്ന പേര് ഉയിര്‍ക്കൊണ്ടു.
‘അന്നക്കിളി’ തമിഴ് സിനിമാ സംഗീതത്തിന്‍റെ തലവര മാറ്റിയഴുതിയപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതിയ പേരും പിറവിയെടുത്തു. ഇളയരാജ! ജ്ഞാനദേശികന്‍ വളര്‍ന്ന് രാജയ്യയും പിന്നെയും വളര്‍ന്ന് രാജയും അവിടെ നിന്ന് ഇളയരാജയുമായ അല്‍ഭുതകഥ ഇതാണ്. ആ ഇളയരാജയ്ക്ക് സാക്ഷാല്‍ കലൈഞ്ജര്‍ കരുണാനിധി നല്‍കിയ പേരാണ് ഇസൈ ജ്ഞാനി. അദ്ദേഹം വിളികേട്ട അഞ്ചാമത്തെ പേര്. സംഗീതം കൊണ്ട് മനുഷ്യമനസ്സിന്‍റെ അതുവരെ അറിയാത്ത ഉള്ളറകളെ വരെ സ്പര്‍ശിച്ച മഹാസംഗീതകാരന് അതിലും പറ്റിയ മറ്റൊരു പേരില്ല. ഇസൈ ജ്ഞാനി ഇളയരാജ!