വിക്കി കൗശല്‍ ചിത്രം 'ഛാവ'യ്‌ക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ മന്ത്രി രംഗത്ത്. ചിത്രത്തില്‍ ഛത്രപതി സംഭാജിയായി എത്തുന്ന വിക്കി കൗശലിന്റെ നൃത്തത്തിനെതിരെയാണ് വ്യവസായ- മറാഠി ഭാഷാമന്ത്രി ഉദയ് സാമന്ത് രംഗത്തെത്തിയത്. നൃത്തരംഗം ഒഴിവാക്കണമെന്നും ചിത്രം ചരിത്രകാരന്മാരും പണ്ഡിതരും പരിശോധിച്ച ശേഷമേ പുറത്തിറക്കാവൂ എന്നും ഉദയ് സാമന്ത് പറഞ്ഞു.
'ചിത്രത്തില്‍ ഛത്രപതി സംഭാജി മഹാരാജ് ഡാന്‍സ് ചെയ്യുന്നതായി കാണിക്കുന്നു. സംവിധായകന്‍ ഈ ഭാഗം ഒഴിവാക്കണം. ചരിത്രകാരന്മാരേയും പണ്ഡിതരേയും ചിത്രം കാണിക്കണം. അവര്‍ എതിര്‍പ്പ് അറിയിച്ചാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല', എന്നായിരുന്നു മാധ്യമങ്ങളോട് ഉദയ് സാമന്തിന്റെ പ്രതികരണം.
ഇതിന് തൊട്ടുമുമ്പും ചിത്രത്തെക്കുറിച്ച് മന്ത്രി എക്സില്‍ പ്രതികരിച്ചിരുന്നു. 'ഛത്രപതി സംഭാജിയെക്കുറിച്ച് സിനിമ നിര്‍മിക്കപ്പെടുന്നത് സന്തോഷകരമാണ്. സംഭാജിയുടെ ചരിത്രം ലോകത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം പരിശ്രമങ്ങള്‍ ആവശ്യമാണ്. എന്നാല്‍, ചിത്രത്തില്‍ എതിര്‍ക്കപ്പെടേണ്ട ചില സീനുകള്‍ ഉണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സംഭാജിയുടെ യശസ്സ് കളങ്കപ്പെടുത്തുന്ന ഒന്നുംവെച്ചുപൊറുപ്പിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. ചിത്രം കണ്ടശേഷമായിരിക്കും മറ്റ് നടപടികള്‍,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഡോക്ക് ഫിലിംസ് നിർമ്മിച്ച ഛാ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതം ആസ്‌പദമാക്കി ഒരുക്കിയ ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.