ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് സിനിമയുമായി ഉയര്‍ന്ന വിവാദങ്ങളില്‍ നിലപാടെടുത്ത് ഡബ്ല്യു.സി.സി. 'ടോക്സിക്കിനെ'ക്കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലുയർന്ന ചോദ്യത്തിന് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ് ആണ് മറുപടി നൽകിയത്. വിമന്‍ ഇന്‍ സിനിമ കലക്ടിവില്‍ പല ചർച്ചകളും നടക്കാറുണ്ടെന്നും അതെല്ലാം പുറത്തുപറയാറില്ലെന്നും മിറിയം പറഞ്ഞു. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുളളിൽ പറയുമെന്നും മിറിയം വ്യക്തമാക്കി.
‘ഡബ്ല്യുസിസിയ്ക്കുളളിൽ പല ചർച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങൾ മാധ്യമപ്രവര്‍ത്തകരോട് പറയാറില്ല. ഞങ്ങൾ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ് ചെയ്യാൻ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സിസ്റ്റ് ആയിട്ടുളള കാര്യങ്ങൾ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുളളിൽ പറയും. അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനിൽക്കുന്നത്. ഗീതു മോഹൻദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ്...' – മിറിയം പറഞ്ഞു.
‘നിങ്ങളുടെ പ്രവർത്തനം എന്താണ് ? നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ‘അമ്മ’യോട് ചോദിക്കാറുണ്ടോ? ഡബ്ല്യുസിസിയോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു? സെക്സിസ്റ്റ് ട്രെയിലർ ഗീതു മോഹൻദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്. സെക്സിസ്റ്റ് ട്രെയിലർ ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെക്കുറിച്ച് ചോദിക്കാറുണ്ടോ? ആരും പുണ്യാളന്മാരല്ല. എല്ലാവരെയും പോലെ തന്നെയുളള സാധാരണ സിനിമ പ്രവർത്തകരാണ് ഞങ്ങളും. ചില കാര്യങ്ങൾ മാറ്റണം. ചില നിലപാടുകൾ മാറ്റണം. നിങ്ങൾ എന്തുചോദിച്ചാലും ഞങ്ങൾ ഇവിടെത്തന്നെ കാണും, എങ്ങോട്ടും പോകുന്നില്ല...’ – മിറിയം തുറന്നുപറഞ്ഞു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ ‘ടോക്സിക്’ സിനിമയുടെ പ്രൊമോ വിഡിയോയെച്ചൊല്ലിയാണ് വിവാദം. സ്ത്രീവിരുദ്ധതയുടെ പേരിൽ ‘കസബ’യെ വിമർശിച്ച ഗീതു മോഹൻദാസിന്റെ ടീസറില്‍ സ്ത്രീ ശരീരത്തെ മോശമായി അവതരിപ്പിച്ചു എന്നാണ് വിമര്‍ശനം. സംസ്ഥാനം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്ന് സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു.