siddharth

പുരുഷാധിപത്യം നിറഞ്ഞ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നടന്‍ സിദ്ധാര്‍ഥ്. അത്തരം തിരക്കഥകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ഹൈദരാബാദില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ താരം തുറന്നുപറഞ്ഞു. ‘സ്ത്രീകളെ മര്‍ദിക്കുന്നത്, അവരുടെ പൊക്കിളില്‍ നുള്ളുന്നത്, പെണ്ണിനോട് നീ ഇങ്ങനെയായിരിക്കണം എന്ന് അടിച്ചേല്‍പ്പിക്കുന്ന മനോഭാവത്തോടെ പെരുമാറുന്നത്, ഐറ്റം പാട്ടുകളില്‍ അഭിനയിക്കുന്നത്, ഇതെല്ലാമാണ് ഒരു കമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യം എന്ന് കരുതുന്നവരുണ്ട്. അത്തരം തിരക്കഥകള്‍ എന്നെ തേടിയെത്താറുണ്ട്. പക്ഷേ എനിക്ക് അത്തരം കഥാപാത്രങ്ങളോട് താല്‍പര്യമില്ല...’ – സിദ്ധാര്‍ഥ് വ്യക്തമാക്കി.

‘ആ ലൈനില്‍ സിനിമകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ വലിയൊരു സ്റ്റാര്‍ ആയി മാറിയേനെ. പക്ഷേ എനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളും സിനിമകളുമാണ് ഞാന്‍ ഇതുവരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് എന്ന് പലരും പറയാറുണ്ട്. എന്‍റെ മാതാപിതാക്കള്‍ക്ക് ഞാനൊരു നല്ല മകനാണ്. കുട്ടികള്‍ക്കു മുന്നില്‍ ഞാന്‍ നല്ലൊരു വ്യക്തിയാണ്, അവര്‍ക്ക് സ്നേഹം തോന്നുന്നയാള്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ സിനിമകള്‍ കുട്ടികള്‍ക്ക് പോലും ഇരുന്ന് കാണാനാകുന്നു എന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്.’ കോടികള്‍ കയ്യില്‍‌ കിട്ടിയാലും ആ അനുഭൂതി ലഭിക്കില്ല എന്നാണ് താരം പറയുന്നത്.

‘എന്‍റെ ചുറ്റുമുള്ളവരെല്ലാം ദേഷ്യത്തോടെ പെരുമാറുന്നതാണ് കാണുന്നത്. ആണുങ്ങള്‍ക്ക് വേദനയില്ല, വിഷമമില്ല, കരയില്ല എന്നൊക്കെ പറയുന്നവരുണ്ട്.’ പക്ഷേ സ്ക്രീനില്‍ കരഞ്ഞ് അഭിനയിക്കാന്‍ കഴിയുന്നു എന്നത് തന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണെന്നും സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു. 

സിനിമയിലെ സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എഴുത്തുകാരിയും പാട്ടുകാരിയുമായ വിദ്യ റാവുവിനൊപ്പമിരുന്നാണ് സിദ്ധാര്‍ഥ് നയം വ്യക്തമാക്കിയത്. സിദ്ധാര്‍ഥിന്‍റെ ഭാര്യ അതിഥി റാവുവിന്‍റെ അമ്മയാണ് വിദ്യ റാവു. ‘മിസ് യു’ എന്ന തമിഴ് സിനിമയാണ് സിദ്ധാര്‍ഥിന്‍റേതായി അവസാനം റിലീസ് ചെയ്ത സിനിമ. നയന്‍താരയ്ക്കും മാധവനുമൊപ്പമുള്ള ‘ദി ടെസ്റ്റ്’ ആണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. 

ENGLISH SUMMARY:

Actor Siddharth, known for his candid nature, recently admitted that he rejects scripts that includes slapping women, doing item songs, pinching somebody’s navel, telling a woman what she should do, where she should go, etc. "I rejected them outright. Of course, I might be a far bigger movie star today if I was differently wired. I instinctively did what I liked," Siddharth stated.