abhaya-hiranmayi

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു (65) അന്തരിച്ചു. അമ്മയെക്കുറിച്ച് ഗോപി സുന്ദര്‍ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പിന്നാലെയിതാ ഗോപി സുന്ദരിന്‍റെ മുന്‍ പങ്കാളികളും അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്.

ഗോപി സുന്ദറിനെ ആശ്വസിപ്പിച്ചുകൊണ്ടൊരു കുറിപ്പാണ് ഗായിക അഭയ ഹിരൺമയി പങ്കുവച്ചിരിക്കുന്നത്. ‘അമ്മയിലൂടെയാണ് നിങ്ങള്‍ സംഗീതത്തിലേക്ക് വന്നത്. അമ്മയിലൂടെ നിങ്ങള്‍ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളില്‍ നിന്ന് തുടങ്ങിയതാണ് ഈ സംഗീത യാത്ര. അമ്മ എന്നും നിങ്ങളുടെ മാര്‍ഗദര്‍ശിയാകട്ടെ. അമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്ന് ഈ പ്രപഞ്ചം നിങ്ങളെ മോചിപ്പിക്കും ഏട്ടാ, അമ്മയിലൂടെ നിങ്ങള്‍ ആ വേദനകളെ മറികടക്കും’ എന്നാണ് അഭയ ഹിരണ്‍മയി കുറിച്ചിരിക്കുന്നത്. 

ഗോപിസുന്ദറിനും കുടുംബത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അഭയയുടെ കുറിപ്പ്. അമ്മയോടൊപ്പമുള്ള ചിത്രത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് അമൃത സുരേഷ് പങ്കിട്ടിരിക്കുന്നത്. അമ്മ എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് അറിയാം എന്നായിരുന്നു ഗോപി സുന്ദറിന്‍റെ പോസ്റ്റ്. 

‘ജീവിതവും സ്നേഹവും, സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും എനിക്ക് നൽകിയത് അമ്മയാണ്. ഞാനുണ്ടാക്കുന്ന സംഗീതത്തില്‍ അമ്മ എന്നിലേക്ക് പകർന്ന് തന്ന സ്നേഹം കൂടിയുണ്ട്. അമ്മ എവിടെയും പോയിട്ടില്ല, എന്‍റെ ഹൃദയത്തിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും അമ്മ ജീവിക്കുന്നു. അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ദൈവത്തോട് പ്രാർത്ഥിക്കുന്നു, എന്നാല്‍ അമ്മ എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും, എന്‍റെ വഴിത്താരകളിലെ പ്രകാശവുമായിരിക്കും’ എന്നാണ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം അമ്മയുമായുള്ള ഒരു ഛായചിത്രവും അദ്ദേഹം പങ്കിട്ടു. 

സുരേഷ് ബാബുവാണ് ഗോപിസുന്ദറിന്‍റെ അച്ഛന്‍. ഗോപി സുന്ദറിനെ കൂടാതെ ശ്രീ എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. ശ്രീകുമാര്‍ പിള്ളയാണ് മരുമകന്‍. ലിവി സുരേഷ് ബാബുവിന്‍റെ സംസ്കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും.

ENGLISH SUMMARY:

Music director Gopi Sundar's mother, Livi Suresh Babu (65), has passed away. Gopi Sundar shared an emotional tribute to his mother on social media. Following this, his former partners have also shared their memories and pictures of his mother on social media.