പുതിയ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രങ്ങളാകുന്ന രണ്ട് തിയേറ്ററുകളാണ് ഇടപ്പള്ളി വനിത വിനീത. ചിത്രങ്ങള്‍ കാണാന്‍ സിനിമ താരങ്ങള്‍ എത്തുന്നതിനു പുറമേ ഓരോ സിനിമക്കും അനുയോജ്യമായതും വസ്ത്രങ്ങളും മേക്കപ്പും ഡയലോഗുകളുമായി പലഅവതാരങ്ങളേയും ഇവിടെ കാണാം. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ക്രിയകള്‍ വൈറലാവാറുമുണ്ട്.
എന്നാല്‍ വനിത വിനീതയും മാറിനില്‍ക്കുന്ന വേഷ പകര്‍ച്ചയാണ് നാഗ്പൂരിലെ ഒരു തിയേറ്ററില്‍ സംഭവിച്ചത്. രശ്മിക മന്ദാനയും വിക്കി കൗശലും പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം ഛാവ കാണാനാണ് ഒരു ആരാധകന്‍ കുതിരപ്പുറത്ത് രാജാവിന്‍റെ വേഷം കെട്ടി തിയേറ്ററിലെത്തിയത്. ഛത്രപതി സംഭാജി മഹാരാജാവിനെയാണ് ചിത്രത്തില്‍ വിക്കി അവതരിപ്പിക്കുന്നത്. ഇതിനോട് സാമ്യമുള്ള വസ്ത്രമാണ് ആരാധകനും ധരിച്ചിരുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കയാണ്. തിയേറ്റര്‍ സ്‌ക്രീനിന് മുന്നിലായാണ് ഇയാള്‍ കുതിരപ്പുറത്ത് നില്‍ക്കുന്നത്. ഒപ്പമുള്ളവര്‍ മുദ്രാവാക്യം മുഴക്കുന്നുമുണ്ട്.
അതേസമയം വിഡിയോ വൈറലായതിനുപിന്നാലെ രസകരമായ ചില കമന്‍റുകളുമെത്തി. ചിപ്സ് പോലും കയറ്റാന്‍ പറ്റാത്തിടത്താണ് ഒരു മുഴുവന്‍ കുതിരയെ കയറ്റിയതെന്നാണ് ഒരു കമന്‍റ്. ഇനി സിംഹത്തെ കൊണ്ടുവരൂയെന്ന് മറ്റൊരാള്‍. വിഡിയോയെ വിമര്‍ശിച്ചും ചിലര്‍സ രംഗത്തെത്തി.
അതേസമയം ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാന അഭിനയിക്കുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. മുഗള്‍ ഭരണാധികാരി ഔറംഗസേബായി അക്ഷയ് ഖന്നയുമുണ്ട്. ഫെബ്രുവരി 14-നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.