എമ്പുരാന്‍റെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മലയാളി താരങ്ങളും അന്യഭാഷ താരങ്ങളും മുതല്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം ജെറോം ഫ്ളിന്‍ വരെ എമ്പുരാനില്‍ അണിനിരക്കുമ്പോള്‍ തിയേറ്ററില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോയും പുറത്തുവന്നിരുന്നു. 18 ദിവസംകൊണ്ട് 36 കഥാപാത്രങ്ങളുടെ ഇന്‍ട്രോ പുറത്തുവിടുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇനി മോഹന്‍ലാലിന്‍റെ സ്റ്റീഫന്‍ നെടുമ്പള്ളി/ എബ്രഹാം ഖുറേഷിയുടെ ഇന്‍ട്രോ മാത്രമാണ് പുറത്തുവരാനുള്ളത്.
ഇതിനു മുന്നോടിയായി പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാലിന്‍റെ തീക്ഷ്ണമായ കണ്ണിന്‍റെ ക്ലോസപ്പാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് നോക്കിയാല്‍ നരകത്തിന്‍റെ ആഴങ്ങളില്‍ എരിയുന്ന തീ കാണാനാവും. എബ്രാം, സ്റ്റീഫന്‍, ഓവര്‍ലോര്‍ഡ്' എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചത്.
പൃഥ്വിരാജിന്‍റെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയും ആവേശത്തിലായിരിക്കുകയാണ്. ഇത് സോഷ്യല്‍ മീഡിയ കത്താനുള്ള പോസ്റ്റാണെന്നും ചെകുത്താന്‍റെ വരവായെന്നുമൊക്കെ ആരാധകര്‍ കമന്‍റ് ചെയ്യുന്നുണ്ട്. ഒരേ ഒരു രാജാവെന്ന കമന്‍റുകളുമേറെ.
ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം.