‘എംപുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടറിനെ പരിചയപ്പെടുത്തുന്ന പുതിയ വിഡിയോ പുറത്ത്. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്റാം ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എംപറേഴ്സ് ജനറൽ എന്ന വിശേഷണത്തോടെയാണ് താരം ചിത്രത്തിലെത്തുന്നത്. സയീദ് മസൂദിന്‍റെ ജീവിതം ഈ ചിത്രത്തിലുണ്ടാകുമെന്ന് പൃഥ്വിരാജ് പറയുന്നു.
മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർക്കൊപ്പം ലൂസിഫറിലെ അഭിനേതാക്കളുമുണ്ട്. ഷിംല, യുഎസ്, യുകെ, റഷ്യ, മോറോക്കോ, ചെന്നൈ, മുംബൈ, ന്യൂഡൽഹി, ഗുജാറത്ത്, ഹൈദരാബാദ്, യുഎഇ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.