നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരായ നിയപോരാട്ടം അവസാനിപ്പിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടമാണ് മധ്യസ്ഥ ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി കങ്കണയുടെ അഭിഭാഷകനായ റിസ്‌വാൻ സിദ്ദീഖിയും ജാവേദിന്റെ അഭിഭാഷകനായ ജയകുമാർ ഭരദ്വാജും പറഞ്ഞു. ചലച്ചിത്രരംഗത്തെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ ജാവേദ് അക്തറിന് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് കങ്കണ മുംബൈ കോടതിയിൽ പറഞ്ഞു
'ജാവേദ് ജിയും ഞാനും തമ്മിലുണ്ടായിരുന്ന നിയമപോരാട്ടം മധ്യസ്ഥചര്‍ച്ചകളിലൂടെ അവസനിപ്പിച്ചു. ചര്‍ച്ചകളിലെല്ലാം അദ്ദേഹം വളരെ ദയാലുവായാണ് പെരുമാറിയത്. ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ പാട്ടുകള്‍ എഴുതാമെന്നും അദ്ദേഹം സമ്മതിച്ചു,' കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.
നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തിനടക്കാണ് കേസിന് ആസ്പദമായ പരാമര്‍ശം കങ്കണയില്‍ നിന്നുമുണ്ടായത്. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണ പറഞ്ഞത്. പിന്നാലെ കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്ന് കാണിച്ച് ജാവേദ് അക്തര്‍ പരാതി നല്‍കുകയായിരുന്നു.
നടന്‍ ഹൃത്വിക് റോഷനോട് മാപ്പ് പറയാന്‍ ജാവേദ് അക്തര്‍ ആവശ്യപ്പെട്ടുവെന്നും കങ്കണ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നാണ് ജാവേദ് പറഞ്ഞത്.