പണികൊടുത്തു പണികൊടുത്തു, അവസാനം പണി വാങ്ങി കെപിസിസിയുടെ ഡിജിറ്റൽ മീഡിയ വിഭാഗം. ബോളിവുഡ് താരസുന്ദരിയും തീവ്ര വലതുപക്ഷവാദിയായ ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്റെ പുതിയ സംരംഭത്തിന് ആശംസകൾ അറിയിച്ച് എക്സിൽ ഇട്ട പോസ്റ്റാണ് പുകിലായത്. പോസ്റ്റിലൂടെ പരിഹാസമാണ് ഉദ്ദേശിച്ചതെങ്കിലും സംഭവം ആർക്കും മനസ്സിലായില്ല.
മണാലിയിൽ കങ്കണ തുടങ്ങിയ 'ദി മൗണ്ടെയ്ൻ സ്റ്റോറി' എന്ന ശുദ്ധ വെജിറ്റേറിയൻ കഫേയ്ക്കാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ നിന്ന് ആശംസ പോസ്റ്റിട്ടത്. ‘നിങ്ങളുടെ പുതിയ 'പ്യുവർ വെജിറ്റേറിയൻ' റെസ്റ്ററന്‍ഫറിനെ കുറിച്ച് അറിയാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ വിനോദസഞ്ചാരികൾക്കും രുചികരമായ ഹിമാചലി വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു!’ ഇതായിരുന്നു പോസ്റ്റ്.
കങ്കണയ്ക്കുള്ള കോൺഗ്രസ് ആശംസ ബിജെപിക്കാർ ഏറ്റെടുക്കുകയും ചില വാർത്താമാധ്യമങ്ങൾ റിപ്പോർട്ടും ചെയ്തു. കോൺഗ്രസിന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്ന് സംശയങ്ങളുമായി മറ്റ് ചിലരും പോസ്റ്റ് ചർച്ചയാക്കി. ഇതോടെ പങ്കുവച്ചത് പരിഹാസം ആണെന്ന് വിശദീകരണ പോസ്റ്റ് പിന്നാലെയെത്തി.
'വെജിറ്റേറിയൻ കഫേ' എന്നെഴുതിയതിലെ ഉദ്ധരണിയിലാണ് പരിഹാസം ഒളിഞ്ഞിരിക്കുന്നതെന്നാണ് ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ വിശദീകരണം. നിരന്തരം വർഗീയ വിഷം പ്രചരിപ്പിക്കുന്ന കങ്കണയ്ക്ക് ശുദ്ധ വെജിറ്റേറിയൻ നൽകാൻ കഴിയട്ടെ എന്ന പരിഹാസമാണ് ഉദ്ധരണിയിൽ ഒളിഞ്ഞിരിക്കുന്നതെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ നിരന്തരം അതിരൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കെപിസിസിയുടെ എക്സ് ഹാൻഡിൽ മിക്കവരുടെയും ശ്രദ്ധാകേന്ദ്രമാണ്.
തലവേദനയായി സോഷ്യൽ മീഡിയ വിങ്
ഉള്ള തലവേദനയ്ക്ക് മരുന്നില്ലാതിരിക്കുമ്പോൾ പുതിയ വേദനയുണ്ടാക്കിയ ഡിജിറ്റൽ മീഡിയ സെല്ലിൽ നിന്ന് പാർട്ടി നേതൃത്വം വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം. ഡിജിറ്റൽ മീഡിയയെ നയിച്ച അനിൽ ആന്‍റണി താമരപിടിച്ച് ബിജെപിയുടെ വഴിയിലേക്കും ഡോ. പി.സരിൻ രക്തഹാരമണിഞ്ഞ് സിപിഎമ്മിന്റെ പാതയിലേക്കും പോയതോടെ വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നുഡിജിറ്റൽ മീഡിയ സെൽ. മുൻ എംഎൽഎയും കെപിസിസി ഉപാധ്യക്ഷനുമായ വി.ടി.ബൽറാമിനാണ് നിലവിൽ സെല്ലിന്റെ ചുമതല.