സിനിമാ ചിത്രീകരണത്തിനിടെ റംസാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രം
സിനിമയുമായി ബന്ധപ്പെട്ട നടന്‍ റംസാന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി കുഞ്ചാക്കോ ബോബൻ. താരത്തിന്‍റെ രണ്ടു സിനിമയില്‍ അദ്ദേഹത്തിന്‍റെ കുട്ടിക്കാലം ചെയ്തത് താന്‍ ആണെന്നറായിരുന്നു റംസാന്റെ വെളിപ്പെടുത്തൽ. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് റംസാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
സിനിമാ പ്രവേശത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു റംസാന്‍. അഭിനയിച്ച മറ്റ് സിനിമകളെക്കാള്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന സിനിമ തനിക്ക് വളരെ സ്പെഷല്‍ ആണെന്നും കാരണം ചാക്കോച്ചന്‍റെ ചെറുപ്പക്കാലം ചെയ്താണ് താന്‍ സിനിമയിലേക്ക് വന്നതെന്നും റംസാന്‍ മറുപടി നല്‍കി. ചാക്കോച്ചനെ എപ്പോഴും കാണുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് അദ്ദേഹത്തിന്‍റെ ചെറുപ്പക്കാലം ചെയ്തതാണെന്നും റംസാന്‍ കൂട്ടിച്ചേര്‍ത്തു.
റംസാന്‍റെ വെളിപ്പെടുത്തല്‍ കേട്ട കുഞ്ചാക്കോ ബോബന്‍ അമ്പരന്നു. തനിക്ക് ഈ വിവരം അറിയില്ലായിരുന്നുവെന്ന് പറഞ്ഞ താരത്തിനോട്, ത്രീ കിങ്സ്, ഡോക്ടര്‍ ലവ് എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്‍റെ ചെറുപ്പക്കാലം അഭിനയിച്ചതെന്നും റംസാന്‍ വ്യക്തമാക്കി.
ഷൂട്ടിങ്ങില്‍ ഇത്രയും ദിവസം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഒരുപാട് ഫുഡ് വാങ്ങി നല്‍കിയിട്ടു പോലും ഈ ദുഷ്ടന്‍ ഇത്രയും ആത്മബന്ധം ഉണ്ടായിരുന്നുവെന്ന് ഇതുവരെ പറഞ്ഞില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പരിഭവം പറഞ്ഞു.
റംസാന്‍റെ വാക്കുകളിങ്ങനെ,
സിനിമയിൽ ഒന്ന് തല കാണിച്ചാലെങ്കിലും മതി കരുതിയിരുന്ന കാലത്താണ് ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം കിട്ടിയത്. ത്രീ കിങ്‌സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്. സിനിമ കാണുമ്പോൾ ചാക്കോച്ചന്റെ ചെറുപ്പം കാണിക്കുമ്പോൾ എന്റെ മുഖം വരുന്നതൊക്കെ വലിയ സന്തോഷത്തോടെയും അമ്പരപ്പോടെയും ഓർമ വരും. പിന്നീട് ഞാൻ ചെയ്ത ഒരു റിയാലിറ്റി ഷോയിൽ ചാക്കോച്ചൻ അതിഥിയായി വന്നു. അന്നു എനിക്ക് സംസാരിക്കാൻ പറ്റി. പിന്നീട് ഒരു പരസ്യത്തിൽ ഞാൻ ചക്കോച്ചന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ച സിനിമയുടെ അഭിമുഖത്തിനായി ഇരിക്കുമ്പോൾ വലിയ സന്തോഷം.
‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായെത്തിയ അഭിമുഖത്തിന് ഇടയിലായിരുന്നു റംസാന്റെ വെളിപ്പെടുത്തൽ. റംസാന്റെ വാക്കുകൾ കേട്ട് അമ്പരന്നിരിക്കുന്ന താരത്തെ വിഡിയോയിൽ കാണാം. വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി.