ആശയ പ്രചാരണത്തിനുള്ള ശക്തമായ ആയുധമാണ് സിനിമ. പക്ഷേ, അതിന് മിഥ്യാധാരണകള്‍ സൃഷ്ടിക്കാന്‍ കഴിയും. സത്യം മറച്ചുവയ്ക്കാന്‍ കഴിയും. പൊതുജനാഭിപ്രായം രൂപപ്പെടുത്താന്‍ കഴിയും. ഭരണകൂടത്തിന്‍റെ കയ്യില്‍ അത് വഞ്ചനയ്ക്കുള്ള ആയുധവുമാകും,'. അമേരിക്കന്‍ സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്കിന്‍റെ വാക്കുകളാണിവ.
ഇന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ച് ബോളിവുഡിലെ, പ്രോപ്പഗണ്ട സിനിമകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി മിക്കവാറും ചര്‍ച്ചയാകാറുണ്ട്. സര്‍ക്കാരിനെയും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളെയും മഹത്വവല്‍ക്കരിക്കുന്നതിനൊപ്പം മുന്‍ സര്‍ക്കാരുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുമാണ് ഈ സിനിമകള്‍ രൂപപ്പെടുക. ബോളിവുഡില്‍ വ്യക്തികളും സിനിമകളും മുന്‍പത്തെപ്പോലെ സെക്കുലര്‍ അല്ലെന്നാണ് ചലിച്ചിത്രതാരം ജോണ്‍ എബ്രഹാം അടുത്തിടെ പറഞ്ഞത്. ‘ഇന്ത്യയില്‍ സെക്കുലര്‍ ആയിരിക്കേണ്ടത് പ്രധാനമാണ്. നമ്മളിപ്പോള്‍ ഒരു ഞാണിന്മേലാണോ നടക്കുന്നത്, നമ്മളുണ്ടാക്കുന്നത് പ്രോപ്പഗണ്ട സിനിമകളാണോ? എനിക്കറിയില്ല' എന്നായിരുന്നു ജോണിന്‍റെ പ്രതികരണം. ഈ ആശങ്ക ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെയുണ്ട്.
പ്രോപ്പഗണ്ട സിനിമകള്‍ ഇന്ത്യയില്‍ പുതിയ കാര്യമല്ല. സ്വാതന്ത്രസമര പോരാട്ടങ്ങളെയും ദേശീയോദ്ഗ്രഥനത്തെയുമെല്ലാം കുറിച്ച് ഒട്ടേറെ സിനിമകള്‍ മുന്‍പും ഇറങ്ങിയിട്ടുണ്ട്. തമിഴ്നാട്, ആന്ധപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെയും ദ്രാവിഡ സ്വത്വത്തെയും ഉത്തേജിപ്പിക്കാന്‍ സിനിമകളെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ 2014നു ശേഷം ഇതിന്‍റെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിച്ചു. മതനിരപേക്ഷതയെ ഹനിക്കുന്ന സിനിമകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി.
ഒരു സംഭവം വിഷയമാക്കുക, യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വളരെ അകലെ നില്‍ക്കുന്ന രീതിയില്‍ അതിനെ പെരുപ്പിച്ചു കാണിക്കുക എന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പുറത്തുവന്ന പ്രോപ്പഗണ്ട ചിത്രങ്ങളുടെ പൊതുരീതി. മുസ്ലിംകള്‍ക്കെതിരെ ധ്രുവീകരണം ഉണ്ടാക്കിയെന്ന് വിമര്‍ശനം കേട്ട കശ്മീര്‍ ഫയല്‍സും കേരളത്തെ ഭീകരരുടെ താവളമാക്കി ചിത്രീകരിച്ചെന്ന് വിമര്‍ശനം കേട്ട കേരള സ്റ്റോറീസും ഉദാഹരണങ്ങള്‍. ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍, ഗാന്ധി ഗോഡ്സേ ഏക് യുദ്ധ്, ഉറി – ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്, സബര്‍മതി റിപ്പോര്‍ട്ട്, ആക്സിഡന്‍റ് ഓര്‍ കോണ്‍സ്പിരസി ഗോധ്ര, വീര്‍ സവര്‍ക്കര്‍, ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്സിറ്റി, ആര്‍ട്ടിക്കിള്‍ 370, എമര്‍ജന്‍സി എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ പല രൂപത്തില്‍ ഈ പട്ടികയുടെ ഭാഗമാകുന്നു. വിശദമായി പരിശോധിച്ചാല്‍ ലിസ്റ്റ് നീളും.
ഭരണകക്ഷിയുടെയും ഭരണകൂടങ്ങളുടെയും വലിയ പിന്തുണ ഈ ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. കേരള സ്റ്റോറി ഉത്തരാഖണ്ഡും ഉത്തര്‍പ്രദേശും ടാക്സ് ഫ്രീയായി പ്രദര്‍ശിപ്പിച്ചു. സബര്‍മതി റിപ്പോര്‍ട്ടിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി ഒഴിവാക്കി. ആക്സിഡന്‍റ് ഓര്‍ കോണ്‍സ്പിരസി ഗോധ്ര കാണാന്‍ പ്രധാനമന്ത്രി മന്ത്രിസഭയ്‌ക്കൊപ്പമെത്തി. വീര്‍ സവര്‍ക്കറിന്‍റെ പ്രൊമോഷന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്‍നിരയില്‍ നിന്നു.
വിക്കി കൗശല്‍ ചിത്രം ‘സംഭാജി’യുടെ റിലീസോടെ വീണ്ടും പ്രോപ്പഗണ്ട ചിത്രങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ശിവജി സാവന്ത് എഴുതിയ ‘ഛാവ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മറാഠ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ മകന്‍ സംഭാജിയും മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബും തമ്മിലുള്ള യുദ്ധവും പോരാട്ടവുമാണ് ഇതിവൃത്തം. സംഭാജിയായി എത്തുന്നത് പോപ്പുലര്‍ താരം വിക്കി കൗശലാണ്.
ഔറംഗസേബിനെ ക്രൂരതയുടെ പര്യായമായാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റിലീസിനുപിന്നാലെ തലസ്ഥാന നഗരിയിലെ അക്ബര്‍, ബാബര്‍ റോഡുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ചിലര്‍ സൈന്‍ ബോര്‍ഡില്‍ കരിതേച്ചു. ഇതേ ബോര്‍ഡില്‍ ശിവജിയുടെ ചിത്രങ്ങള്‍ പതിക്കുകയും ചെയ്തു. ഛാവയുടെ പോസ്റ്ററിനൊപ്പം ഹിന്ദു സമൂഹത്തിന്‍റെ അഭിമാനം ഉയര്‍ത്തുന്ന ചിത്രമെന്നും ഇസ്ലാമിക് ഭീകരരുടെ ക്രൂരതകള്‍ തുറന്നുകാട്ടുന്നതെന്നുമെല്ലാമുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
തുടര്‍ച്ചയായ പരാജങ്ങളില്‍ ഉഴലുന്ന ബോളിവുഡിന് ഛാവയുടെ വിജയം വലിയ ആശ്വാസമാണ്. എന്നാല്‍ സിനിമയുടെ സമീപനവും ചരിത്രവസ്തുതകള്‍ കൈകാര്യം ചെയ്ത രീതിയും സമൂഹത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുക എന്നതും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.