മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉപ്പും മുളകും പരമ്പരയിലെ കേശു എന്ന അൽസാബിത്ത്. സ്ക്രീനിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കേശു തങ്ങൾ കടന്നു വന്ന സങ്കടകാലങ്ങളെക്കുറിച്ചും ഇക്കാലമത്രയും നേരിട്ട പ്രതിസന്ധികളെയും കുറിച്ച് ഇപ്പോള്‍ മനസ് തുറക്കുകയാണ് അൽസാബിത്തും ഉമ്മയും. ഒരു സമയത്ത് ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ താൻ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട് എന്നാണ് അൽസാബിത്തിന്റെ ഉമ്മ ബീന അഭിമുഖത്തിൽ പറയുന്നത്. അൽസാബിത്തിന്റെ ഉപ്പ ചെറുപ്പത്തിലേ തങ്ങളെ ഉപേക്ഷിച്ചു പോയതാണെന്നും ബീന പറഞ്ഞു.
‘ജീവിതം വഴി മുട്ടിയപ്പോൾ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് ഞങ്ങൾക്ക് ചെറിയൊരു കോഴിക്കടയുണ്ട്. അതും നഷ്ടത്തിലായിരുന്നു. ഭർത്താവ് ഞങ്ങളെ വിട്ട് പോയ സമയമാണ്. ഞങ്ങൾക്ക് ഒരുപാട് കടങ്ങളുണ്ടായിരുന്നു. കടയ്ക്ക് വേണ്ടിയും മറ്റും ഞാനും അദ്ദേഹവും വാങ്ങിയ കടങ്ങളാണ് അതെല്ലാം. വാങ്ങിയ പണം ആർക്കും തിരിച്ച് കൊടുക്കാൻ കഴിയുന്നില്ല. ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം. ഒരു ദിവസം മോനെ കടയിൽ നിർത്തിയിട്ട് ഞാൻ വീട്ടിലേക്ക് വന്നു. മുറിയിൽ കയറി ഫാനിൽ തുണി കെട്ടി തൂങ്ങാനാണ് ശ്രമിച്ചത്. വാതിൽ കുറ്റിയിട്ടിരുന്നില്ല. ആകെ ഉള്ളൊരു വീടാണ്. ആരും വാതിൽ ചവിട്ട് പൊളിക്കേണ്ടെന്ന് കരുതി. ആകെ ആ വീട് മാത്രമെ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. എന്നെ കാണാതെയായപ്പോൾ മോനും കടയിലെ സഹായിയായ പയ്യനും വീട്ടിലേക്ക് അന്വേഷിച്ച് വന്നു. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതു കണ്ട് മോൻ വന്ന് എന്റെ കാലിൽ പിടിച്ചു. ഒപ്പമുണ്ടായിരുന്ന പയ്യൻ എന്നോട് ദേഷ്യപ്പെട്ടു, എന്തു പണിയാണ് ഈ കാണിക്കുന്നത് എന്നൊക്കെ ചോദിച്ചു. അമ്മ എവിടെ പോയാലും എന്നേയും കൊണ്ടുപോകണമെന്നാണ് മോൻ എന്നോട് പറഞ്ഞത്’ ബീന പറഞ്ഞു.