ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ കാണാൻ ഗർഭിണിയായ ഭാര്യയുമായി പോയപ്പോള്‍ സിനിമ പകുതിയെത്തും മുൻപേ തിയറ്ററിൽ നിന്നും മടങ്ങിയതായി തെലുങ്ക് നടൻ കിരൺ അബ്ബവാരവ്. ഒരു രസകരമായ സിനിമാ അനുഭവം പ്രതീക്ഷിച്ചു പോയതാണെന്നും എന്നാല്‍ ഗർഭിണിയായ ഭാര്യക്ക് സിനിമ അസഹനീയമായതോടെ തിയറ്റര്‍ വിട്ടെന്നും കിരണ്‍. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യക്ക് മാർക്കോ കണ്ടിരിക്കാൻ കഴിഞ്ഞില്ലെന്നും താരം വെളിപ്പെടുത്തി.
‘ഞാൻ മാർക്കോ കണ്ടു, പക്ഷേ പൂർത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാൻ കഴിയാത്തതിനാൽ ഞാൻ പുറത്തേക്ക് പോയി. അക്രമം അൽപ്പം കൂടുതലായി തോന്നി. ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവൾ ഗർഭിണിയാണ്. അതിനാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞങ്ങൾ പുറത്തേക്ക് പോയി. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല’ ഗലാട്ട തെലുങ്കിനോട് സംസാരിക്കവെ കിരൺ വെളിപ്പെടുത്തി.
‘മാർക്കോ’ സിനിമയുടെ വയലൻസുമായി ബന്ധപ്പെട്ട് കേരളത്തിലും വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു അഭിപ്രായവുമായി കിരൺ എത്തുന്നത്. സമൂഹത്തിലെ യുവാക്കളുടെ അക്രമവാസനയ്ക്ക് മാർക്കോ പോലുള്ള സിനിമകള്‍ സ്വാധീനം െചലുത്തുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.