എഴുപത്തിയേഴാമത്തെ വയസില്‍, പതിനേഴിന്റെ എനര്‍ജിയുമായി മണിക്കൂറുകള്‍ നീണ്ട നൃത്തപരിപാടി. ഇന്ത്യന്‍ സിനിമയുടെ സ്വപ്നസുന്ദരി പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യ വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന വൃന്ദാവന്‍ ഫെസ്റ്റിന്റെ ഭാഗമായാണ് നടിയും ബി ജെ പി എം പിയുമായ ഹേമ മാലിനി നൃത്തവിസ്മയമായി നിറഞ്ഞാടിയത്. പുഷ്പാഞലിച്ചുവടുകളോടെ മാസ്മരിക പ്രകടനത്തിന് തുടക്കം. മെയ് വഴക്കത്തിന്റെ അസാമാന്യതയില്‍ ഹേമ ഗണേശസ്തുതിയും. ലക്ഷമിസ്തുതിയും ആടിത്തീര്‍ത്തപ്പോള്‍ നിര്‍ത്താതെ കയ്യടിക്കുകയായിരുന്നു സദസ്യര്‍. പ്രായം വെറും നമ്പറാണെന്ന് ദാ തെളിയുന്നു. ഉടയാടകള്‍ പലത് മാറി. ഭജനില്‍ അലിഞ്ഞാടിയപ്പോള്‍ കണ്ടത് തികഞ്ഞ നര്‍ത്തകിയെയാണ്. ഷോലെയിലെ ബസന്തിയുടെ ചുറുചുറുക്കല്ല മറിച്ച് ഇരുത്തം വന്നൊരു നര്‍ത്തകിയുടെ ഇന്ദ്രീയാധീനതയാണ് വേദിയിലുടനീളം കണ്ടത്. ജയദേവകൃതിയായ ഗീതാഗോവിന്ദവും നൃത്താവിഷ്കാരമാക്കിയിരുന്നു. കൃഷ്ണഭക്തിയുടെ പാരമ്യതയില്‍ ഡ്രീംഗേള്‍ സദസ്യരെ കൊണ്ടെത്തിച്ചു. എഴുപത്തിയേഴിന്റെ മഹിമ എന്ന് പറഞ്ഞാല്‍ അതൊന്നുമാവില്ല ഈ അഭൗമ ഭാവവര്‍ണനയില്‍. ശൃംഗാരവും കരുണവും തുടങ്ങി നവരസങ്ങള്‍ ചിലങ്കാനാദത്തിനൊത്ത് ആരോഹണവരോഹണങ്ങള്‍ തീര്‍ത്തു. എനിക്ക് ഇവിടെവരാന്‍ അത്രക്ക് ആശയായിരുന്നു..പിന്നെ ഹേമമാലിനി പറഞ്ഞതൊക്കെയും വൃന്ദാവന്‍ ഫെസ്റ്റ് എന്ന അതുല്യ വേദിയെപ്പറ്റിയായിരുന്നു, ഒഡിഷയുടെ കലാപൈതൃകത്തെപ്പറ്റിയായിരുന്നു.
മഥുരയില്‍ നിന്നെത്തി പുരി ജഗന്നാഥക്ഷേത്രവും സന്ദര്‍ശിച്ച് ഒഡിഷയിലെ ഹോളി ആഘോഷങ്ങളിലും പങ്കെടുത്താണ് ഹേമമാലിനി മടങ്ങിയത്. അമ്മന്‍കുടിക്കാരി ഹേമ ഇന്ത്യന്‍ സിനിമയുടെ ഡ്രീംഗേളാവാനും നൃത്താസ്വാദകരുടെ നാട്യശിരോമണിയാവാനും ഒറ്റക്കാരണമേയുള്ളൂ. മായാത്ത മങ്ങാത്ത അഭിനിവേശം.