അരങ്ങേറ്റം കുറിച്ച ചിത്രത്തെ വിമര്‍ശിച്ചതിന് പാകിസ്ഥാന്‍ റിവ്യൂവറെ ഭീഷണിപ്പെടുത്തി സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിം അലി ഖാന്‍. ഇബ്രാഹിമിന്‍റെ പുതിയ ചിത്രമായ നദാനിയാനെതിരെയുള്ള തന്‍റെ വിമര്‍ശനത്തിന് ഇബ്രാഹിം ഇന്‍സ്റ്റഗ്രാം ചാറ്റില്‍ നല്‍കിയ മറുപടിയുടെ സ്ക്രീന്‍ ഷോര്‍ട്ടാണ് പാകിസ്ഥാന്‍ ചലച്ചിത്ര നിരൂപകനായ തമൂര്‍ ഇക്ബാല്‍ പങ്കുവച്ചത്. തമൂറിനെ തെരുവില്‍ കണ്ടാല്‍ മുഖം ഇപ്പോഴുള്ളതിനെക്കാള്‍ വികൃതമാക്കും എന്നാണ് സ്ക്രീന്‍ ഷോര്‍ട്ടില്‍ ഇബ്രാഹിം മറുപടി കൊടുത്തിരിക്കുന്നത്.
''തമൂര്‍, കേള്‍ക്കാന്‍ തൈമൂറിനെ പോലെ തന്നെയുണ്ട്. താങ്കള്‍ക്ക് എന്‍റെ സഹോദരന്‍റെ പേരാണ്. എന്നാല്‍ താങ്കള്‍ക്ക് ഇല്ലാത്തത് എന്താണെന്നോ? അവന്‍റെ മുഖം. നീയൊരു വൃത്തികെട്ട മാലിന്യമാണ്. നിനക്ക് വാക്കുകൾ രഹസ്യമായി സൂക്ഷിക്കാൻ പറ്റാത്തതുകൊണ്ട്, വിഷമിക്കേണ്ട, അവയും നിന്നെപ്പോലെ തന്നെ പ്രസക്തമല്ല. നിന്നേയും നിന്‍റെ കുടുംബവും ഓർത്ത് എനിക്ക് വിഷമമുണ്ട്- എന്നെങ്കിലും ഒരു ദിവസം നിന്നെ വഴിയില്‍ കണ്ടാൽ, നിന്‍റെ മുഖം ഇപ്പോഴുള്ളതിനെക്കാള്‍ വികൃതമാക്കിയിട്ടേ ഞാന്‍ വിടൂ,' എന്നാണ് ഇബ്രാഹിം കുറിച്ചിരിക്കുന്നത്. താങ്കളുടെ അച്ഛന്‍റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തെ നിരാശപ്പെടുത്തരുതെന്നുമാണ് തമൂര്‍ ഇബ്രാഹിമിന് നല്‍കിയ മറുപടി.
മാർച്ച് 7 നാണ് ഇബ്രാഹിം അലി ഖാന്‍ നായകനായ 'നാദാനിയാൻ' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ശ്രീദേവിയുടേയും ബോണി കപൂറിന്‍റേയും മകളായ ഖുഷി കപൂറാണ് ചിത്രത്തില്‍ നായികയായത്. ചിത്രം റിലീസായതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളാണ് ഉയര്‍ന്നത്. നെപ്പോ കിഡ്സായതുകൊണ്ടാണ് ഇരുവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നതെന്നും അഭിനയം മോശമാണെന്നും വിമര്‍ശനമുയര്‍ന്നു.