മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്‍ ഇനി റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. മലയാളത്തില്‍ ഏറ്റവും ഹൈപ്പ് കൂടിയ ചിത്രത്തിന് കാര്യമായ പ്രമോഷന്‍ ഇല്ലാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇനി റിലീസ് നീണ്ട് പോകുമോ എന്ന് പോലും പലരും സംശയം ഉന്നയിച്ചു.
എന്നാല്‍ പ്രതീക്ഷകളെ വീണ്ടും ഉയര്‍ത്തി പൃഥ്വിരാജിന്‍റെ പോസ്റ്റ് എത്തിയിരിക്കുകയാണ്. എമ്പുരാന്‍ റിലീസ് ചെയ്യാനായി ആശിര്‍വാദിനൊപ്പം ശ്രീ ഗോകുലും മൂവീസുമുണ്ടാവും. തങ്ങളുടെ ടീമിലും ചിത്രത്തിലും വിശ്വാസമര്‍പ്പിച്ചതിന് ഗോകുലം ഗോപാലന് നന്ദി പറഞ്ഞാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രമാകാൻ പോകുന്ന ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും എന്നും എപ്പോഴും കൂടെ ചേർന്ന് നിൽക്കുന്ന ശ്രീ മോഹൻലാലിനും, പ്രിഥ്വിരാജിനും, ആന്‍റണിക്കും, ഒപ്പം നിന്ന എല്ലാവർക്കും സ്നേഹവും, നന്ദിയുമെന്നും ശ്രീ ഗോകുലും മൂവിസും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.